ബി.ജെ.പി - സി.പി.എം ധാരണ കെട്ടുകഥ: തുഷാർ

Tuesday 02 December 2025 2:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്ന ആരോപണം കെട്ടുകഥയാണെന്നും ധാരണയാണെങ്കിൽ ഇ.ഡി വരുന്നതിനെതിരെയല്ലേ ബി.ജെ.പി പറയേണ്ടിയിരുന്നതെന്നും എൻ.ഡി.എ നേതാവ് തുഷാർ വെള്ളാപ്പള്ളിയും എ.എൻ.രാധാകൃഷ്ണനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വികസനവും ശബരിമലയിലെ കൊള്ളയും മുൻനിറുത്തിയാണ് എൻ.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 23000 വാർഡുകളിൽ 20065 സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൻ.ഡി.എ ഒറ്റക്കെട്ടായി ഈ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വലിയവിജയം നേടുമെന്നും തുഷാർ പറഞ്ഞു. ഇന്ത്യയുടെ പുറത്തുപോയി ഫണ്ട് ശേഖരിക്കാൻ കിഫ്ബിക്ക് എന്ത് അവകാശമെന്നും കിഫ്ബി തന്നെ തട്ടിപ്പാണെന്നും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.

മുഴുവൻ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലും വികസനരേഖ ഇറക്കിയിട്ടുണ്ട്. എല്ലായിടത്തും ജനവിരുദ്ധ, വികസന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കുറ്റപത്രവും ഇറക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വർണക്കൊള്ളയാണ് എൻ.ഡി.എ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന പ്രധാന വിഷയം. ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർക്ക് കുടിവെള്ളം പോലും നൽകാതെ കഷ്ടപ്പെടുത്തിയ സംഭവങ്ങൾ ജനങ്ങളെ ബോധ്യമാക്കി മുന്നോട്ടുപോകും.