താമരശ്ശേരിയിൽ ഒരു വീട്ടുനമ്പറിൽ 200ലധികം വോട്ട്
കോഴിക്കോട്: താമരശ്ശേരി പഞ്ചായത്തിലെ ആറാം വാർഡിൽ ഒരു വീട്ടു നമ്പറിൽ വോട്ടുകൾ ഇരുനൂറിലധികം. സ്ളിപ്പ് നൽകാൻ ഇന്നലെ കോൺഗ്രസ് പ്രവർത്തകർ വോട്ടർപട്ടിക പരിശോധിച്ചപ്പോഴാണ് വിവരമറിഞ്ഞത്. 6/394 വീട്ടുനമ്പറിലാണിത്. ഈ വീടിന്റെ യഥാർത്ഥ ഉടമ ആരാണെന്നും വ്യക്തമല്ല. അമ്പായത്തോട്, എളോത്തുകണ്ടി, തെക്കുംഭാഗം പ്രദേശത്താണിത്. വീട്ടുപേര് എന്ന കോളത്തിൽ ചിലരുടേതിൽ അമ്പായത്തോട് എന്നും മറ്റു ചിലരുടേതിൽ അമ്പായത്തോട് മിച്ചഭൂമിയെന്നും എളോത്തുകണ്ടിയെന്നുമാണുള്ളത്. ഇതെല്ലാം സ്ഥലപ്പേരുകളാണ്. ഭൂരിഭാഗം പേരുടേതിലും ആറാം പ്ളോട്ട് എന്നാണുള്ളത്. ചിലതിൽ സൗഫ്യ നിവാസ്, നന്ദു നിലയം തുടങ്ങി വീട്ടുപേരുകളുണ്ട്. വീട്ടുകാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നാണ് പറയുന്നത്. നിലവിൽ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആറാം വാർഡിൽ സി.പി.എം പ്രതിനിധിയാണ്.
- മിച്ചഭൂമിയിൽ താമസിച്ചവരെന്ന്
വർഷങ്ങൾക്ക് മുമ്പ് മിച്ചഭൂമിയിൽ താമസിച്ചിരുന്നവരെ ഒറ്റ വീട്ടു നമ്പറിൽ വോട്ടർപട്ടികയിൽ ചേർത്തതാണെന്ന് പഞ്ചായത്ത് സെക്രട്ടറിയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ ഫവാസ് പറഞ്ഞു. പലർക്കും വീട്ടുനമ്പറോ പട്ടയമോ ഉണ്ടായിരുന്നില്ല. പുതുതായി ചേർത്ത വോട്ടുകളല്ല ഇവ. ഇതേപ്പറ്റി ഇതുവരെ ആരുടെയും പരാതിയുമുണ്ടായിരുന്നില്ല. വോട്ടർപട്ടികയിലെ വിവരങ്ങൾ പുതുക്കാൻ നാല് തവണ അവസരമുണ്ടായിരുന്നുവെന്നും പറഞ്ഞു.