വീര കേരളവർമ്മ പഴശ്ശിരാജാവ് ഒരു വോട്ടറായിരുന്നെങ്കിൽ....

Tuesday 02 December 2025 2:14 AM IST

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടി വീരമൃത്യു വരിച്ച വീര കേരള വർമ്മ പഴശ്ശിരാജാവിന്റെ 220ാം ചരമ വാർഷിക ദിനം ആളും ആരവവും ഇല്ലാതെ അങ്ങനെ കടന്ന് പോയി. ഒരു കാലത്ത് ഇവിടെ പഴശ്ശി ദിനാചരണത്തിന്റെ പേരിൽ എന്തെല്ലാം ആഘോഷങ്ങളും ബഹങ്ങളുമായിരുന്നു. കഴിഞ്ഞ വർഷം വരെ ഈ ചരിത്ര പുരുഷന്റെ ചരമദിനം മോശമല്ലാത്ത തരത്തിൽ തന്നെ നടത്തി. ഈ വർഷത്തെ ചരമദിനം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തായത് കൊണ്ടായിരിക്കാം ആളും ആരവവും ആഘോഷങ്ങളും ഒട്ടും ഇല്ലാതെ നടത്തിയത്. പൊറുക്കുക രാജാവേ,​ ഇവിടെ പ്രജകൾ തദ്ദേശോത്സവത്തിന്റെ പേരിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് തെരുവിലാണ്. അധികാരം ഉറപ്പിക്കാനുളള പോരാട്ടത്തിന്റെ അവസാന ലാപ്പിലാണ്. അങ്ങ് സദയം പൊറുക്കുക. രാജ്യത്തിന്റെയും പ്രജകളുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയാണല്ലോ അങ്ങ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ സന്ധിയില്ലാ സമരം നയിച്ചത്. പുതിയ തലമുറക്ക് അതൊന്നും അത്രക്കങ്ങ് മനസിലായ കാര്യമല്ല. പഴശ്ശി ദിനാചരണം നടത്താൻ ഒരു കാലത്ത് എന്തൊക്കെ ബഹളമായിരുന്നു. പഴശ്ശി അനുസ്മരണത്തിന് താൻ മുന്നിൽ എന്ന് പറഞ്ഞുകൊണ്ടുളള മത്സരമായിരുന്നു. ഞായറാഴ്ച നടന്ന പഴശ്ശി അനുസ്മരണം കണ്ടപ്പോൾ മൂക്കത്ത് വിരൽ വച്ച് പോയി. എന്ത് പറഞ്ഞാലും ഒരു ചരിത്ര പുരുഷനോട് ഇങ്ങനെയൊരു നീതി കേട് കാട്ടേണ്ടിയിരുന്നില്ല. തമ്പുരാൻ ഇപ്പോൾ ഇവിടെ ഒരു വോട്ടറായിരുന്നെങ്കിൽ പഴശ്ശി കോവിലത്തേക്ക് ആളുകൾ മത്സരിച്ച് കയറിയിറങ്ങുകയായിരിക്കും. വോട്ടും അനുഗ്രഹവും തേടിക്കൊണ്ട്. കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്.

#

ഈ വർഷത്തെ പഴശ്ശിദിനാചരണം ഞായറാഴ്ച പുരാവസ്തു വകുപ്പും വയനാട് ഡി.ടി.പി.സിയും ചേർന്ന് ചെറു പരിപാടികൾ നടത്തിയങ്ങ് ആഘോഷിച്ചു. അങ്ങനെ സർക്കാർ മുഖം രക്ഷിച്ചു. ഒരു ചരിത്ര പുരുഷൻ കാലങ്ങളോളം മാനന്തവാടി ആശുപത്രിക്കുന്നിൽ ഒരു ആൽമര (കോളി) ചുവട്ടിൽ അന്ത്യവിശ്രമം കൊണ്ട ചരിത്രം ഇവിടെയുളള പഴയ തലമുറക്കാർക്ക് അറിയാം. കാട് മൂടിക്കിടന്ന ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. അനാശാസ്യ പ്രവർത്തനങ്ങൾ ഇവിടം കേന്ദ്രീകരിച്ചായിരുന്നു. ചില സംഘടനകൾ പഴശ്ശിദിനത്തിൽ ഒരു പുഷ്പാർച്ചന നടത്തിക്കൊണ്ട് അദ്ദേഹത്തെ സ്മരിച്ചു. 1980 ൽ വയനാട് ജില്ലാ രൂപീകരണത്തോടെയാണ് ഈ ചരിത്ര പുരുഷനെ എന്തുകൊണ്ട് സർക്കാർ തലത്തിൽ ആദരവ് നൽകി ബഹുമാനിച്ചുകൂട എന്ന ചിന്ത വരുന്നത്. വയനാടിന്റെ കളക്ടറായി ടി.രവീന്ദ്രൻ തമ്പി ചുമതലയേറ്റതോടെയാണ് ഇങ്ങനെയൊരു ചിന്തക്ക് രൂപമെടുക്കുന്നത്. വയനാടിന് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്ത അനന്തപത്മനാഭന്റെ മണ്ണിൽ നിന്നെത്തിയ ടി.രവീന്ദ്രൻ തമ്പി എന്ന കളക്ടർ വേണ്ടിവന്നു. അദ്ദേഹത്തിന്റെ താൽപ്പര്യത്തോടെയാണ് പഴശ്ശിദിനാചരണം സർക്കാരിന്റെ അജണ്ടയിൽ ഇടം പിടിക്കുന്നത്. അദ്ദേഹം ഈ ചരിത്രപുരുഷന്റെ ഓർമ്മദിനം ഒരു സംഭവമാക്കി മാറ്റി. തുടർന്നുളള വർഷങ്ങളിലും അതു പിന്തുടർന്നു. സർക്കാരിന്റെ നേതൃത്വത്തിൽ പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന, ചരിത്ര സെമിനാറുകൾ, കലാപരിപാടികൾ, അമ്പെയ്ത്ത് മത്സരങ്ങൾ ഉൾപ്പെടെയുളള കായിക മത്സരങ്ങൾ എന്നിവയെല്ലാം ഇതിന്റെ പേരിൽ നടന്നു. ഇതിനൊക്കെ വേദിയാകാൻ ഒരു കാരണമുണ്ട്. പഴശ്ശിരാജാവിനോട് സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് അന്നത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.ജി.മാരാറുടെ നേതൃത്വത്തിൽ ഇഷ്ടികകളുമായി പഴശ്ശി കുടീരത്തിലേക്ക് ഒരു മാർച്ച് നടത്തിയിരുന്നു. അവിടെ ഒരു സ്മാരകം പണിയാൻ സർക്കാർ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്. പൊലീസ് അന്ന് ആ സമരം തടഞ്ഞു. ബാലകൃഷ്ണപിളള വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ ഇവിടെ വന്ന് ഒരു പ്രസംഗം നടത്തി. പഴശ്ശി കുടീരത്തിൽ കുത്തബ് മിനാർ മോഡലിൽ സൗധം നിർമ്മിക്കുമെന്ന്. അങ്ങനെ എന്തെല്ലാം വാഗ്ദാനങ്ങൾ. ഒടുവിൽ ഇവിടെ ഒരു ചെറിയ മ്യൂസിയമെങ്കിലും ഉയർന്നു. അതിൽ അഭിമാനിക്കാം. പഴശ്ശി കുടീരം സന്ദർശിക്കാൻ ഇപ്പോൾ അവസരമുണ്ട്. മാനന്തവാടി കോഴിക്കോട് റോഡിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തായി ഒരു പാർക്കും ഈ ചരിത്ര പുരുഷന്റെ പേരിലുണ്ട്. അതിന് പുറമെ വീര ചരമം പ്രാപിച്ച പുൽപ്പളളി മാവിലാംതോടിന്റെ കരയിലും പഴശ്ശിയെ സ്മരിക്കാൻ മ്യൂസിയവും പാർക്കുമുണ്ട്. അവിടെയും സന്ദർശകർക്കും കടന്ന് ചെല്ലാം. പഴശ്ശി ദിനമായ മാനന്തവാടിയിലും മാവിലാം തോടിലും ഇന്നലെ നടന്ന ചടങ്ങുകൾ ശുഷ്ക്കമായിരുന്നു. പുൽപ്പളളി മാവിലാം തോടിലെ ചടങ്ങുകൾക്ക് ജില്ലാ കളക്ടറെങ്കിലും പങ്കെടുത്തു എന്നതാണ് വലിയ കാര്യം. ജില്ലയിൽ വിദ്യാർത്ഥികൾ ഉളളതുകൊണ്ട് മിക്ക ചടങ്ങുകൾക്കും ആളെ കൂട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. എന്നാൽ മാനന്തവാടി പഴശ്ശി കുടീരത്തിലെ ചടങ്ങ് എല്ലാം കൊണ്ടും ശുഷ്കമായിരുന്നു. ജന പ്രതിനിധികൾ ആരും ഉണ്ടായില്ല. കേവലം ഉദ്യോഗസ്ഥതലത്തിൽ എല്ലാം ഒതുങ്ങി. ഒന്ന് പുഷ്പാർച്ചന നടത്തി പോകാൻ പോലും ആർക്കും സയമുണ്ടായില്ല.

#

ശത്രുവാണെങ്കിലും ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്ടർ തോമസ് ഹാർവി ബേബർ കാണിച്ച് ഒരു മര്യാദയുണ്ട്. പഴശ്ശിരാജാവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ മഞ്ചത്തിൽ ചുമന്ന് പുൽപ്പളളിയിൽ നിന്ന് മാനന്തവാടിയിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. എന്നാൽ അദ്ദേഹം കാണിച്ച ആ മാന്യത പോലും മാറി മാറി വന്ന ഭരണകർത്താക്കൾ പഴശ്ശിരാജാവിനോട് കാണിച്ചില്ല എന്നുവേണം പറയാൻ. 1753ൽ കോട്ടയം രാജവംശത്തിലാണ് കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം. മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നു. 17ആം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന് കേവലം പതിമൂന്ന് വയസ്സ് മാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം.

പഴശ്ശിയുടെ സമരത്തിൽ അദ്ദേഹത്തെ സഹായിക്കാൻ ആദിവാസികൾ ഉൾപ്പെടെ നാനാജാതി മതസ്ഥർ പങ്കെടുത്തു. അതിൽ കുറിച്യരുടെ സേവനം എടുത്തു പറയേണ്ടതാണ്.

യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച് ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, പള്ളൂർ ഏമൻ നായർ, എടച്ചേന കുങ്കൻ നായർ എന്നിവരായിരുന്നു പഴശ്ശിയുടെ പ്രധാന മന്ത്രിമാർ. നീണ്ട ഒമ്പത് വർഷക്കാലം പഴശ്ശി കമ്പനിയുമായി പോരാടി. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ് സൈന്യവുമായുളള ഏറ്റുമുട്ടലിൽ പഴശ്ശിയുടെ അന്ത്യം ഉണ്ടായി. എങ്ങനെ മരണപ്പെട്ടു എന്നത് ഇന്നും ചർച്ചാ വിഷയമാണ്.

പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്തി താത്പര്യത്തേക്കാൾ ജനകീയ താത്പര്യത്തിനാണ് പ്രാധാന്യം നൽകിയിരുന്നതെന്നും 'പഴശ്ശി സമരങ്ങൾ' എന്ന പുസ്തകത്തിൽ പ്രശസ്ത ചരിത്രകാരനായ കെ.കെ.എൻ കുറുപ്പ് പറയുന്നുണ്ട്.