ദുരന്തം വിതച്ച് കാറ്റും പ്രളയവും: ഏഷ്യൻ രാജ്യങ്ങളിൽ മരണം 1,138
കൊളംബോ: ശ്രീലങ്ക അടക്കം നാല് ഏഷ്യൻ രാജ്യങ്ങളിൽ കനത്ത മഴമൂലമുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 1,138 ആയി. ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശ്രീലങ്കയിലും സെന്യാർ ചുഴലിക്കാറ്റ് ഇൻഡോനേഷ്യ,തായ്‌ലൻഡ്,മലേഷ്യ എന്നിവിടങ്ങളിലും നാശംവിതയ്ക്കുകയായിരുന്നു. ചുഴലിക്കാറ്റ് ഭീതി നാല് രാജ്യങ്ങളിലും നീങ്ങിയെങ്കിലും പ്രളയക്കെടുതികളിൽ നിന്ന് കരകയറാൻ
ദിവസങ്ങളെടുക്കും
പ്രളയം കൂടുതൽ നാശംവിതച്ച ഇൻഡോനേഷ്യയിലും ശ്രീലങ്കയും കാണാതായവർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്. ശ്രീലങ്കയിൽ 366 പേരെ കാണാതായി. രണ്ട് ലക്ഷത്തിലേറെ പേർ താത്കാലിക ഷെൽട്ടറുകളിലാണ്. ഇൻഡോനേഷ്യയിൽ 460 പേരെയാണ് കാണാതായത്.
വിറച്ച് ഏഷ്യ
(നവംബർ 24 മുതൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവർ)
ഇൻഡോനേഷ്യ - 604
ശ്രീലങ്ക - 355
തായ്‌ലൻഡ് - 176
മലേഷ്യ - 3
53 ടൺ സഹായമെത്തിച്ച് ഇന്ത്യ
'ഓപ്പറേഷൻ സാഗർ ബന്ധു" വിന് കീഴിൽ ശ്രീലങ്കയിൽ രക്ഷാ,ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. ആകെ 53 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചു. രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കാൻ 80 എൻ.ഡി.ആർ.എഫ് അംഗങ്ങളെ എത്തിച്ചു. വ്യോമസേനയുടെ ചേതക്, എം.ഐ 17 ഹെലികോപ്റ്ററുകൾ ദുരന്ത മുഖത്ത് ഒറ്റപ്പെട്ട നിരവധി പേരെ എയർലിഫ്റ്റ് ചെയ്തു.
വ്യാപക മഴ
ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ ശക്തി തമിഴ്നാട്ടിൽ കുറഞ്ഞെങ്കിലും ചെന്നൈ ഉൾപ്പെടെ വടക്കൻ മേഖലകളിൽ വ്യാപക മഴ തുടരുന്നു. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് റെഡ് അലർട്ടാണ്. രണ്ടിടങ്ങളിലും കേന്ദ്ര ജലകമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഇവിടെങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ മരണം 4 ആയി. അതേസമയം, കനത്ത മഴയെ തുടർന്ന് ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. കാവേരി ഡെൽറ്റ മേഖലയിൽ 90,000 ഹെക്ടർ കൃഷിഭൂമി നശിച്ചു.