സമാധാന ചർച്ച : യുക്രെയിന് അതൃപ്തി

Tuesday 02 December 2025 7:15 AM IST

പാരീസ്: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം തുടരുന്നതിനിടെ അതൃപ്തി പ്രകടമാക്കി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യു.എസ് മുന്നോട്ടുവച്ച സമാധാന കരാറിൽ പരിഹരിക്കപ്പെടേണ്ട കഠിനമായ പ്രശ്നങ്ങൾ ഇനിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ,​ യുക്രെയിൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ നടത്തിയ ചർച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ച പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം.

ഇന്നലെ ഫ്രാൻസിലെത്തിയ സെലെൻസ്കി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡ ചർച്ചയിൽ പുരോഗതിയുണ്ടെന്നും എന്നാൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടരണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

അതേ സമയം,​ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്ന് മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തും. യുക്രെയിനിൽ തങ്ങൾ പിടിച്ചെടുത്ത സ്ഥലം വിട്ടുകൊടുക്കില്ല എന്നതടക്കം യുദ്ധലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് റഷ്യ.

ഇന്നലെ രാവിലെ കിഴക്കൻ യുക്രെയിനിലെ നിപ്രോയിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു.