സഹോദരി സന്യാസം സ്വീകരിച്ചതിനെ ഞാൻ ഇങ്ങനെയാണ് കാണുന്നത്; തുറന്നുപറഞ്ഞ് നിഖില വിമൽ

Tuesday 02 December 2025 10:45 AM IST

മാസങ്ങൾക്കുമുമ്പായിരുന്നു നടി നിഖില വിമലിന്റെ സഹോദരി അഖിൽ വിമൽ സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് പുതിയ പേര്. സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിഖിലയിപ്പോൾ.

"ചെറുപ്പത്തിൽ ഞാനും എന്റെ ചേച്ചിയും എല്ലാ സഹോദരങ്ങളെയും പോലെയായിരുന്നു. എനിക്ക് അവളെയും കണ്ടൂട, അവൾക്ക് എന്നെയും കണ്ടൂടായിരുന്നു. ആരെങ്കിലുമൊരാൾ മരിച്ചു പോകണേയെന്നൊക്കെ വിചാരിക്കുമായിരുന്നു. അത്രയും ശത്രുതയിലായിരുന്നു ഞങ്ങൾ. ഈയടുത്തകാലത്താണ് ഞങ്ങൾ തമ്മിൽ അടുത്തത്. ആ സമയത്ത് എനിക്കൊരു സംരക്ഷണ കവചം പോലെയായി ചേച്ചി. എനിക്കൊരു പ്രശ്നം വന്ന്, കുളമാക്കി കഴിഞ്ഞാലും അത് നന്നാക്കി തിരിച്ചുതരും.

സന്യാസം സ്വീകരിച്ചു. അത് ഒരു പ്രൊഫഷൻ പോലെ തന്നെയാണ് ഞാൻ കാണുന്നത്. കാരണം അവൾ വളരെ ഇൻവെസ്റ്റഡായിട്ട് കാര്യങ്ങൾ ചെയ്‌തൊരാളാണ്. എന്റെ ഫ്രണ്ട്‌സൊക്കെ അവളെ ചാർലി ചേച്ചിയെന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ചാർലിയിലെ പുള്ളിയെപ്പോലെ ഒരുപാട് യാത്രകൾ ചെയ്യുന്ന, ഒരുപാട് പഠിക്കുന്ന, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നൊരാളാണ്. ഇത്രയും ബുദ്ധിയും വിവരവുമൊക്കെയുള്ളയാൾ എടുക്കുന്ന ചോയ്‌സെന്ന നിലയിൽ ഞാൻ അതിനെ ബഹുമാനിക്കുന്നു. പഠിച്ച് ഡോക്ടറാകണം, അല്ലെങ്കിൽ സിനിമാ നടിയാകണം, ലോകപ്രശസ്തയാകണമെന്നൊക്കെ ആഗ്രഹിക്കുന്നതുപോലെതന്നെ അവളുടെ ആഗ്രഹമാണ്. ആ ആഗ്രഹത്തെ ഒരിക്കലും വേണ്ടെന്ന് പറയാൻ നമുക്ക് തോന്നില്ലല്ലോ.'- നിഖില വിമൽ പറഞ്ഞു.