'മമ്മൂട്ടി  അടുത്തുള്ളപ്പോൾ  എനിക്ക്    ആ ഒരുകാര്യം ചെയ്യാൻ കഴിയില്ല, എഴുന്നേറ്റ് ഓടിപ്പോകും'

Tuesday 02 December 2025 11:47 AM IST

തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടി കാണിക്കാത്ത നടനാണ് വിനായകൻ. പൊതുവേദികളിലായാലും അഭിമുഖത്തിലായാലും തന്റേതായ ശൈലി പിന്തുടരുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മനസുതുറക്കുകയാണ് വിനായകൻ.

കളങ്കാവൽ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ മമ്മൂട്ടി വിനായകനെ സത്യസന്ധനായ നടനെന്ന് പറഞ്ഞ് അഭിന്ദിച്ചപ്പോൾ എന്താണ് ഒരു നടനെന്ന നിലയിൽ തോന്നുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എനിക്കൊന്നും തോന്നുന്നില്ല. കാരണം, ഞാൻ അദ്ദേഹവുമായി അത്രയ്ക്ക് കണക്ടടാണ്. പൊതുവെ ഞാൻ അദ്ദേഹത്തോട് സംസാരിക്കാറില്ല, അടുത്തേക്ക് പോകാറുമില്ല. എനിക്ക് ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് വച്ചാൽ, എനിക്ക് അതിന് കഴിയില്ല. അദ്ദേഹത്തിന്റെ ആ 'ഓറ' എനിക്ക് ബ്രേക്ക് ചെയ്യാൻ കഴിയില്ല. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്, മമ്മൂക്കയുടെ അടുത്ത് പോയി ഒന്ന് ഇരിക്കാനൊക്കെ. അദ്ദേഹം എന്നെ വിളിച്ചിരുത്തും. പക്ഷേ, ഞാൻ അപ്പോൾ തന്നെ എഴുന്നേറ്റ് ഓടിപ്പോകും. ഞാൻ ഒരിക്കലും മമ്മൂക്കയുടെ മുന്നിൽ ഇരിക്കില്ല. ഇരിക്കാൻ എനിക്ക് പറ്റില്ല.' വിനായകൻ പറഞ്ഞു.