വെള്ളത്തിന് നടുവിൽ അപൂർവ ഭാവത്തിൽ ദുർഗാ ദേവി, ഭക്തരെ അമ്പരപ്പിക്കുന്ന ഒരു ക്ഷേത്രം

Tuesday 02 December 2025 3:18 PM IST

കേരളത്തിലെ വളരെ പ്രധാനപ്പെട്ട വൈഷ്‌ണവ ക്ഷേത്രങ്ങളിലൊന്നായ കണ്ണൂരിലെ തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന ഒരു ഉപദേവതാ ക്ഷേത്രമുണ്ട്. നാലുഭാഗത്തും ജലത്താൽ ചുറ്റപ്പെട്ട ദുർഗാക്ഷേത്രമാണിത്. കംസവധം കഴിഞ്ഞ് ഉഗ്രകോപത്തോടെയുള്ള ശ്രീകൃഷ്‌ണനാണ് തൃച്ചംബരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ഉപദേവതയായ ദുർഗയുടെ ജലദുർഗാ ഭാവത്തിലുള്ള പ്രതിഷ്‌ഠയാണ് ക്ഷേത്രത്തിലുള്ളത്.

പരശുരാമ മഹർഷി പ്രതിഷ്‌ഠിച്ച 108 ദുർഗാ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് തൃച്ചംബരത്തെ ജലദുർഗാ ക്ഷേത്രം. നാലുഭാഗത്തും ജലം നിറഞ്ഞ ഒരു കുളത്തിന് നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്‌ണന്റെ കംസവധ കഥയുമായി ഈ ക്ഷേത്രത്തിന് ‌ ബന്ധമുണ്ട്. യശോദയുടെ മകളായ പെൺകുട്ടിയെ ദേവകിയുടെ എട്ടാമത്തെ കുട്ടിയെന്ന് കരുതി വധിക്കാൻ ശ്രമിച്ചെങ്കിലും കംസന് അതിന് കഴിഞ്ഞില്ല. ആ സമയം ദുർഗാ ദേവി പ്രത്യക്ഷപ്പെട്ട് ദേവകിയുടെ എട്ടാമത്തെ കുഞ്ഞ് അമ്പാടിയിലുണ്ടെന്ന് അറിയിച്ചു. കണ്ണന്റെ വിവരം പുറത്തുവിട്ടതറിഞ്ഞ യശോദ, ദുർഗയെ ശപിച്ചു. 'നിന്റെ കണ്ണിലെ ജലം ആറാതിരിക്കട്ടെ' എന്നായിരുന്നു ശാപം. ഈ സങ്കൽപ്പത്തിലെ ജലദുർഗയാണ് തൃച്ചംബരത്തേത്. ക്ഷേത്രത്തിൽ ചുറ്റുമുള്ള ജലം ദുർഗയുടെ കണ്ണീരാണ് എന്ന് കരുതുന്നു.

തൃച്ചംബരം ക്ഷേത്രത്തിലെ ഉപദേവതകൾ ഗണപതി,​വിശ്വക്‌സേനൻ,​ ശിവൻ,​ ശാസ്‌താവ് എന്നിവയാണ്. കംസന്റെ ആനയായ കുവലയപീഠത്തെ വധിച്ച രൗദ്രഭാവത്തിലെ കൃഷ്‌ണനായതിനാൽ ഇവിടെ ആന എഴുന്നള്ളത്ത് പതിവില്ല. ഇത്തരത്തിൽ സവിശേഷതകൾ ഏറെയുള്ളതാണ് തൃച്ചംബരം ക്ഷേത്രം.