ഓൺലൈനിൽ ഓർഡർ ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഈ നിറം കണ്ടാൽ പാഴ്‌സൽ സ്വീകരിക്കരുത്, പണം നഷ്‌ടപ്പെട്ടേക്കാം
പണ്ടുകാലത്ത് വീടുകളിൽ കയറിയുള്ള മോഷണവും അക്രമങ്ങളും മാത്രമായിരുന്നു നമ്മൾ കേട്ടിരുന്നത്. എന്നാൽ, ഡിജിറ്റൽ യുഗം വളർന്നതോടെ തട്ടിപ്പുകളുടെ രീതിയും ആകെ മാറി. നമ്മുടെ കൈവശമുള്ള പണം ഒളിത്താവളത്തിലിരുന്ന് പോലും ഇന്ന് പല തട്ടിപ്പുകാരും കൈക്കലാക്കുന്നു. പ്രത്യേകിച്ച് ട്രാഫിക് അതോറിറ്റിയുടെ പേരിൽ, ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ നടത്തുന്നതിലൂടെ, ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ, ജോലി വാഗ്‌ദാനം ചെയ്‌തുമെല്ലാമാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കുന്നത്.
എന്നാൽ, ഇതിൽ നിന്നെല്ലാം ഉപഭോക്താക്കളെ രക്ഷിക്കാനുള്ള ഒരു മാർഗം സ്വീകരിച്ചിരിക്കുകയാണ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇന്ത്യ. ഓരോ ദിവസവും പുതിയ തന്ത്രങ്ങൾ നെയ്‌തുകൊണ്ടിരിക്കുന്ന കള്ളന്മാരെ പ്രതിരോധിക്കാൻ ആമസോൺ സ്വീകരിച്ച മാർഗം എന്താണെന്ന് നോക്കാം.
ചുവപ്പ് അല്ലെങ്കിൽ പിങ്ക് ഡോട്ട്
ആമസോൺ പാഴ്‌സൽ തുറന്നപ്പോൾ ഫോണിന് പകരം ഇഷ്‌ടിക കിട്ടിയ വാർത്തകൾ നമ്മൾ നേരത്തേ കേട്ടിട്ടുള്ളതാണ്. ഇത്തരത്തിൽ തട്ടിപ്പുകാർ അല്ലെങ്കിൽ ഡെലിവറി ചെയ്യുന്ന വ്യക്തി നിങ്ങൾക്കുള്ല പാഴ്‌സൽ പാക്കേജ് തുറക്കും. അതിൽ നിന്ന് വിലപിടിപ്പുള്ള വസ്‌തുക്കൾ തട്ടിയെടുത്ത ശേഷം അതേ ഭാരമുള്ള കല്ലോ അതുപോലുള്ള മറ്റ് വസ്‌തുക്കളോ വയ്‌ക്കുന്നു.
ഹീറ്റ് ഗൺ ഉപയോഗിച്ചാണ് പാക്കേജ് വീണ്ടും പഴയപടിയാക്കുന്നത്. വഞ്ചിതരാകുന്ന ഉപഭോക്താക്കൾ ആമസോണിനെ കുറ്റപ്പെടുത്തും. റീഫണ്ട് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ, ബോക്‌സ് തുറക്കുന്ന വീഡിയോ നൽകിയില്ലെങ്കിൽ കമ്പനി നിങ്ങൾക്ക് റീഫണ്ട് തരില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്നെല്ലാം രക്ഷനേടാനാണ് കഴിഞ്ഞ കുറച്ചുകാലമായി ആമസോൺ ഇന്ത്യ ഉപഭോക്താക്കൾക്ക് അയക്കുന്ന പാക്കേജുകളിലെല്ലാം പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള അടയാളം നൽകിയിരികികുന്നത്.
ചുവപ്പ് അല്ലെങ്കിൽ പിങ്ക് ഡോട്ട് എപ്പോൾ ദൃശ്യമാകും?
പാക്കേജുകൾ വരുമ്പോൾ ഇതിൽ വെള്ള നിറത്തിലുള്ള ഡോട്ടുകളാണ് കാണാൻ സാധിക്കുക. തുറക്കുമ്പോൾ ഇവയുടെ നിറം മാറി പിങ്ക് അല്ലെങ്കിൽ ചുവപ്പാകും. അതിനാൽ, ആമസോൺ പാക്കേജ് കിട്ടുമ്പോൾ തന്നെ അത് മുമ്പ് തുറന്നിട്ടുണ്ടോ എന്ന് നിങ്ങൾക്ക് മനസിലാകും. ഇതേക്കുറിച്ച് നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് പോസ്റ്റിട്ടിട്ടുണ്ട്. വളരെയേറെ ഉപകാരപ്രദമായ നീക്കമെന്നാണ് പലരും കുറിച്ചിരിക്കുന്നത്.
അടുത്തിടെ, ആമസോൺ പാക്കേജിന്റെ ചിത്രം പങ്കിട്ട ഒരു ഉപഭോക്താവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രത്തിൽ, ഒരു വെളുത്ത ലേബലിൽ ഒരു പിങ്ക് ഡോട്ട് കാണാമായിരുന്നു. അത്തരമൊരു ഡോട്ട് കണ്ടാൽ ആ പാഴ്സൽ സ്വീകരിക്കരുതെന്നും ഉപഭോക്താവ് കുറിച്ചിരുന്നു. 'മുമ്പ് പലരും ആമസോണിൽ സാധനം ഓർഡർ ചെയ്‌ത് ഉപയോഗിച്ച ശേഷം റിട്ടേൺ ചെയ്യുമായിരുന്നു. വീണ്ടും വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ വസ്‌തുക്കൾ തിരിച്ചെത്തുന്നത്. അതിനാൽ പുതിയ നീക്കം ഉപഭോക്താക്കൾക്ക് മാത്രമല്ല, ആമസോണിൽ സാധനങ്ങൾ വിൽക്കുന്നവർക്കും ഏറെ ഉപകാരപ്പെടും ' - ആമസോണിലെ ഒരു സെല്ലർ കുറിച്ചു.
ഇതിനുമുമ്പുതന്നെ, പ്ലാറ്റ്‌ഫോം ഓപ്പൺ ബോക്‌സ് ഡെലിവറി പോലുള്ള രീതികളും കമ്പനി പരീക്ഷിച്ചുവരുന്നുണ്ട്. നേരത്തേ മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, വിലകൂടിയ വസ്‌തുക്കൾ തുടങ്ങിയവയ്‌ക്കാണ് ഇത്തരം പാക്കേജിംഗ് ഉപയോഗിച്ചിരുന്നത്. എന്നാൽ, നിലവിൽ എല്ലാ പാക്കേജുകളിലും ഈ സീൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.