രണ്ടാം വയസിൽ കാഴ്ച നഷ്ടമായി; 25-ാം വയസിൽ കലാതിലകപ്പട്ടം സ്വന്തമാക്കി ഷിഫ്ന മറിയം

Tuesday 02 December 2025 3:49 PM IST

രണ്ടാം വയസിൽ കാഴ്ച മറഞ്ഞെങ്കിലും ഇരുപത്തഞ്ചാം വയസിൽ കാതു കൂർപ്പിച്ച് ഷിഫ്ന മറിയം നേടിയത് കലാതിലകപ്പട്ടം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ഉൾപ്പെടെ നാലിനങ്ങളിൽ ഒന്നാം സമ്മാനം നേടിയാണ് ഷിഫ്ന അതിജീവനത്തിന്റെ വിജയകഥ രചിച്ചത്.

പനിയെ തുടർന്നുള്ള ചികിത്സയിലാണ് കാഴ്ച നഷ്ടപ്പെട്ടത്. കൂടുതൽ വേദനയായി വാപ്പ പടിയിറങ്ങിപ്പോയി. തിരുവനന്തപുരം എസ്.എ.ടിയിലെ ജീവനക്കാരിയായ ഉമ്മ എ.ഷാഹിന മാത്രമായി താങ്ങും തണലും. കാഴ്ചയുടെ വസന്തം അകന്നെങ്കിലും കാതുകൾ കൂർപ്പിച്ച് പ്രകൃതിയെ ശ്രദ്ധിച്ചു. ശബ്ദങ്ങൾ അനുകരിച്ചുതുടങ്ങി.

എട്ടാം ക്ളാസ് മുതൽ പ്ലസ് ടുവരെ സ്കൂൾ കലോത്സവത്തിലും തുടർന്ന് യൂണിവേഴ്സിറ്റി കലോത്സവത്തിലും ഷിഫ്ന മറിയം ശബ്ദാനുകരണകലയിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. ബ്രെയിൻ ലിപി ഉപയോഗിച്ചായിരുന്നു ഏഴാം ക്ളാസ് വരെയുള്ള പഠനം. പട്ടം ഗവ.മോ‌ഡൽ ഗേൾസ് ഹൈസ്കൂളിലും ചേങ്കോട്ടുകോണം സ്കൂളിലുമായി പ്ളസ് ടു വരെ പഠിച്ചു. വർക്കല എസ്.എൻ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദമെടുത്തു, കെ.യു.സി.ടി.ഇയിൽ നിന്ന് ബി.എഡും പാസായി.

ബിരുദ പഠനവേളയിൽ ദുബായിൽ ഇലക്ട്രിക് ജോലി ചെയ്യുന്ന രാഹുൽ കൃഷ്ണൻ ജീവിതത്തിലേക്ക് കൈപിടിച്ചു. ഇതിനിടയിലാണ് മലയാളത്തിൽ പി.ജിയെടുക്കാൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചേർന്നത്. നാലാഞ്ചിറ ഇവാനിയോസ് കോളേജിലെ ഒന്നാം സെമസ്റ്റ‌ർ പഠിതാവായിട്ട് അധികനാളായില്ല. തമിഴ്, സംസ്കൃതം, ഇംഗ്ളീഷ് പദ്യം ചൊല്ലലുകളിലും മികവുകാട്ടിയാണ് കലാതിലകപ്പട്ടം ചൂടിയത്. ചാനൽ പ്രോഗ്രാമുകളിലൂടെയും ഷിഫ്നയെ പ്രേക്ഷകർക്ക് അടുത്തറിയാം.