ശ്രീലങ്കയ്‌ക്ക് വലിയ ആശ്വാസവുമായി ഇന്ത്യ, രണ്ട് ഫീൽഡ് ആശുപത്രികളും 70 അംഗ മെഡിക്കൽ സംഘത്തെയും അയച്ചു

Tuesday 02 December 2025 6:58 PM IST

കൊളംബോ: ഡിറ്റ്‌വാ ചുഴലിക്കാറ്റും മഴയും വൻ നാശം വിതച്ച ശ്രീലങ്കയ്‌ക്ക് സഹായ ഹസ്‌തവുമായി ഇന്ത്യ. ശ്രീലങ്കയ്‌ക്ക് ഉടൻ ആവശ്യമുള്ള വൈദ്യസഹായമാണ് ഇത്തവണ ഇന്ത്യ നൽകിയത്. വേഗം സ്ഥാപിക്കാനാകുന്ന രണ്ട് ഫീൽഡ് ആശുപത്രികളാണ് ഇന്ത്യ നിർമ്മിച്ച് നൽകുക. ഇതിനൊപ്പം ഡോക്‌ടർമാരടങ്ങുന്ന 70 അംഗ മെഡിക്കൽ സംഘത്തെയും നൽകും. ഇന്ന് തന്നെ ആ ആശുപത്രികൾ ശ്രീലങ്കയിലെത്തും.

നവംബർ 30ന് ഈ ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലങ്കയിലെത്തിച്ചിരുന്നു. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ഡോക്‌ടർമാരും ശ്രീലങ്കയിലെത്തി. കടുനായകെ വിമാനത്താവളത്തിലാണ് ഇവ എത്തിയത്. അതേസമയം 'ഓപ്പറേഷൻ സാഗർ ബന്ധു'വിന് കീഴിൽ ശ്രീലങ്കയിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. ആകെ 53 ടൺദുരിതാശ്വാസ വസ്തുക്കൾഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചു. രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കാൻ 80 എൻ.ഡി.ആർ.എഫ് അംഗങ്ങളെ എത്തിച്ചു. വ്യോമസേനയുടെ ചേതക്, എം.ഐ 17 ഹെലികോപ്‌റ്ററുകൾ ദുരന്ത മുഖത്ത് ഒറ്റപ്പെട്ട നിരവധി പേരെ എയർലിഫ്റ്റ് ചെയ്തു. ഇന്ത്യയിൽ ഡിറ്റ്‌വാ ചുഴലിക്കാറ്റും പിന്നാലെയുള്ള കനത്ത മഴയും തമിഴ്‌നാട്ടിൽ ഇന്നും ബുദ്ധിമുട്ട് സൃഷ്‌ടിച്ചു. ചെന്നൈയടക്കം വിവിധ ജില്ലകളിൽ ഡിസംബർ നാലുമുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.