'നവ്യ വിവാഹം കഴിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല,​ ജീവിതം ആസ്വദിക്കുകയാണ് വേണ്ടത് '

Tuesday 02 December 2025 7:24 PM IST

വിവാഹത്തെ കുറിച്ച് മുതിർന്ന ബോളിവുഡ് താരവും പാർലമെന്റ് അംഗവുമായ ജയ ബച്ചൻ നടത്തിയ പരാമർശം ചർച്ചയായി. വിവാഹം എന്നത് പുതിയ കാലത്ത് കാലഹരണപ്പെട്ട സംവിധാനമാണെന്നാണ് താരം പറഞ്ഞത്. ചെറുമകൾ നവ്യ നവേലി നന്ദ വിവാഹിതയാകണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. വി ദ വിമൺ മുംബയ് സെഷനിൽ മാദ്ധ്യമ പ്രവർത്തക ബർഖ ദത്തിനോട് സംസാരിക്കുകയായിരുന്നു ജയ ബച്ചൻ. എങ്ങനെയാണ് മക്കളെ വളർത്തുകയെന്ന് യുവതികളായ അമ്മമാരെ ഉപദേശിക്കാൻ തന്റെ പ്രായത്തിലുള്ള ഒരാൾക്ക് സാധിക്കില്ലെന്നും ഇപ്പോഴത്തെ തലമുറ മിടുക്കരാണെന്നും അവർ പറഞ്ഞു.

വിവാഹ ശേഷം ചെറുമകളായ നവ്യ നവേലി നന്ദ കരിയർ ഉപേക്ഷിക്കുന്നത് കാണാൻ താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. നവ്യ വിവാഹം കഴിക്കുന്നതിനോട് തന്നെ താത്പര്യമില്ലെന്നാണ് ജയ ബച്ചൻ മറുപടി നൽകിയത്. വിവാഹം കാലഹരണപ്പെട്ട ഒരു സ്ഥാപനമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു അവരുടെ മറുപടി.

ഞാൻ ഇന്നൊരു മുത്തശ്ശിയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നവ്യക്ക് 28 വയസാകും. മക്കളെ എങ്ങനെ വളർ‌ത്തണമെന്ന് പുതിയ തലമുറയെ ഉപദേശിക്കാൻ ഞാൻ ആളല്ല. കാര്യങ്ങൾ ഇന്ന് ഒരുപാട് മാറിക്കഴിഞ്ഞു. ഇന്നത്തെ കുട്ടികൾ വളരെ സ്മാർട്ടാണ്. ദില്ലി കാ ലഡു പോലെയാണ് വിവാഹം. നിങ്ങൾ അതു കഴിച്ചാൽ പ്രശ്നമുണ്ടാകും. എന്നാൽ കഴിച്ചില്ലെങ്കിലോ നിങ്ങൾക്ക് നഷ്ടബോധവും തോന്നും. നിയമപരമായ സാധുതയല്ല ഒരു വിവാഹബന്ധത്തെ നിർവചിക്കേണ്ടതെന്നും ജീവിതം ആസ്വദിക്കുകയാണ് വേണ്ടതെന്നും ജയ ബച്ചൻ കൂട്ടിച്ചേർത്തു.