ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല,​ പരാതിയിൽ പറയുന്നത് പച്ചക്കള്ളം,​ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഫെനി നൈനാൻ

Tuesday 02 December 2025 8:13 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പുതിയ പരാതിയിൽ യുവതിയുടെ ആരോപണങ്ങൾ തള്ളി എം.എൽ.എയുടെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാൻ. പീഡന പരാതിയിൽ ഫെനി നൈനാനോട് ഒപ്പമാണ് രാഹുൽ തന്നെ കാണാൻ എത്തിയത് എന്ന് പരാതിക്കാരി സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെനി നൈനാന്റെ വിശദീകരണം.

പരാതിയിലുള്ളതെല്ലാം പച്ചക്കള്ളമാണെന്ന് ഫെനി പറഞ്ഞു. പരാതിക്കാരിയെ അറിയില്ല. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് എനിക്ക് പരിപൂർണ ബോദ്ധ്യമുണ്ട്. രാഹുലിനെതിരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്തരം ക്രൂരമായ രീതിയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെനി നൈനാൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോൾ എനിക്കെതിരെ ഉയർന്നിരിക്കുന്നത്. ഇതിന് മുമ്പും പലവിധ ആരോപണങ്ങൾ ഉന്നയിച്ച് അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും ഫെനി ചോദിച്ചു. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. മനഃസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ആ സ്ത്രീ അത്തരത്തിൽ ഒരു പരാതി എഴുതില്ലായിരുന്നുവെന്നും ഫെനി പറഞ്ഞു. നാളെ രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാനിരിക്കുകയാണ്. ഹർജി തള്ളിക്കുവാൻ കൂടി വേണ്ടിയാണോ ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നതെന്ന് സംശയമുണ്ടെന്നും ഫെനി പറഞ്ഞു.