കുടിവെള്ള പദ്ധതിയുടെ ശിലാഫലകം നശിപ്പിച്ചു
Tuesday 02 December 2025 8:55 PM IST
തലശ്ശേരി: ഇല്ലത്ത് താഴയിൽ നഗരസഭയുടെ കുടിവെള്ള പദ്ധതിയുടെ ശിലാഫലകം നശിപ്പിച്ചതായി പരാതി. മണോളി കാവിനടുത്തുള്ള സ്വാമിക്കുന്ന് കുടിവെള്ള പദ്ധതിയോടനുബന്ധിച്ചുള്ള പമ്പ് ഹൗസിന്റെ ശിലാഫലകമാണ് നശിപ്പിക്കപ്പെട്ടത്. തലശ്ശേരിയിലെ സന്നദ്ധ സംഘടനയായ കെയർ ആന്റ് ക്യൂർ ഫൗണ്ടേഷൻെ സഹായത്തോടെയാണ് പമ്പ് ഹൗസ് നവീകരണം നടത്തിയത്. കഴിഞ്ഞവർഷം ഒക്ടോബർ 27ന് സ്പീക്കർ അഡ്വ. എ.എൻ.ഷംസീറാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ശിലാഫലകമാണ് ഇരുട്ടിന്റെ മറവിൽ നശിപ്പിക്കപ്പെട്ടത്. മുൻഭാഗത്ത് സ്ഥാപിച്ച ഫലകം തകർത്ത് പിൻഭാഗത്ത് വലിച്ചെറിഞ്ഞ നിലയിലാണ്. നഗരസഭാ കൗൺസിലർ സി സോമൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ബേബി സുജാത, സി പി.എം നേതാക്കൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഇത് സംബന്ധിച്ച് തലശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.