ഇടതോ,വലതോ ,വീണ്ടും സ്വതന്ത്രനോ ...? മേയർ കസേരയിൽ ആര് ഇരിക്കും...?
തൃശൂർ: മേയർ കസേരയിൽ ഇടതോ, വലതോ, വീണ്ടും സ്വതന്ത്രനോ ...? കഴിഞ്ഞ തവണ ഭരണം ലഭിച്ചിട്ടും സ്വതന്ത്രനെ മേയർ കസേരയിലിരുത്തി അഞ്ച് വർഷം പൂർത്തിയാക്കേണ്ടി വന്ന എൽ.ഡി.എഫ് സ്വന്തം കാലിൽ നിൽക്കാനുള്ള പോരാട്ടത്തിലാണ്. യു.ഡി.എഫിന് തിരിച്ചു വരാൻ സാധിക്കുമെന്ന ആത്മവിശ്വാസവും. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നേട്ടം കോർപറേഷനിലും ആവർത്തിക്കാൻ സാധിക്കുമെന്ന് എൻ.ഡി.എയും ഉറപ്പിക്കുന്നു. കോർപറേഷൻ പരിധയിൽ നിരവധി ഡിവിഷനുകളിലാണ് കടുത്ത മത്സരം നടക്കുന്നത്. ഡിവിഷൻ വിഭജനത്തിലുള്ള തകിടം മറിച്ചിൽ ഭൂരിഭാഗം ഡിവിഷനുകളുടെയും ഘടനയെ തന്നെ മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നോക്കി മുൻതൂക്കം നിശ്ചയിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് മൂന്നു മുന്നണികളും പറയുന്നു. 56 ഡിവിഷനുകളിൽ നിന്ന് ആരൊക്കെ വിജയിച്ച് കയറുമെന്ന കാര്യത്തിൽ പ്രവചനവും അസാധ്യമാണ്.
വിമതർ കിംഗ് മേക്കർമാരാകുമോ ?
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.കെ.വർഗീസ് താരമായപ്പോൾ കോൺഗ്രസിന് തകർന്ന് വീണത് കോൺഗ്രസിന്റെ സ്വപ്‌നമാണ്. ഇത്തവണയും കോൺഗ്രസിനെ വിമതർ അലട്ടുന്നുണ്ട്. കഴിഞ്ഞ തവണ നെട്ടിശ്ശേരിയിൽ എം.കെ.വർഗീസിനെതിരെ വിമതനായി മത്സരിച്ച ബൈജു വർഗീസ് കോൺഗ്രസിന്റെ ഉറച്ച സീറ്റായ മിഷൻ ക്വാർട്ടേഴ്‌സ് വാർഡിലാണ് ഇത്തവണ മത്സരിക്കുന്നത്. എന്നാൽ ബൈജു വർഗീസിനെതിരെ ഇവിടെ വിമതൻ ഉയർത്തുന്ന വെല്ലുവിളി കോൺഗ്രസിനെ അലട്ടുന്നുണ്ട്. എൽ.ഡി.എഫിനെ സംബന്ധിച്ച് കൃഷ്ണാപുരം സീറ്റിൽ സി.പി.ഐ കൗൺസിലറായിരുന്ന ബീന മുരളി സ്വതന്ത്രയായി മത്സരിക്കുമ്പോൾ എൽ.ഡി.എഫ് ഭരണ സമിതിയിലെ കൗൺസിലറായിരുന്ന എൻ.ഡി.എ സ്വതന്ത്രയായി എൻ.ഡി.എ ബാനറിലും മത്സരിക്കുന്നു. കോട്ടപ്പുറത്തും വിമതശല്യം അലട്ടുന്നുണ്ട്. ബി.ജെ.പിയെ സംബന്ധിച്ച് വടൂക്കരയിലെ വിമത ശല്യം മറികടക്കാൻ വിയർപ്പൊഴുക്കേണ്ടി വരും.
നേതാക്കളുടെ കുത്തൊഴുക്ക്
പ്രചരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ജില്ലയിൽ നേതാക്കളുടെ കുത്തൊഴുക്ക്്. ഇന്നലെ യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയിലെത്തും. കോൺഗ്രസിനായി കെ.സി.വേണുഗോപാൽ, കെ.മുരളിധരൻ, വി.ഡി.സതീശൻ എന്നിവർ ജില്ലയിൽ പ്രചരണനെത്തുമ്പോൾ എൽ.ഡി.എഫിന്റെ പ്രചരണത്തിന് മുഖ്യമന്ത്രി തന്നെ എത്തുന്നുണ്ട്. ശനിയാഴ്ച്ച മീറ്റ് ദ പ്രസ് പരിപാടിയിലും ശക്തനിലെ പൊതുയോഗത്തിലും പങ്കെടുക്കും.