പട്ടയം തന്നാൽ വോട്ട് തരാം

Wednesday 03 December 2025 12:00 AM IST

തൃശൂർ: പട്ടയം തന്നാൽ വോട്ട് തരാം, മണ്ണുത്തി 14-ാം ഡിവിഷനിലെ പട്ടാളക്കുന്നിലെ എഴുപതിലേറെ കുടുംബങ്ങൾ പട്ടയം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്ത്. വർഷങ്ങളായി പട്ടയത്തിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെന്ന് ഇവർ പറയുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തിനാലാണ് പട്ടയ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് പട്ടാളക്കുന്ന് നിവാസികൾ പറയുന്നു. സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമര പ്രചാരണ ജാഥ സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങൾ ജാഥയിൽ പങ്കെടുത്തു. മന്ത്രിമാർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്. എന്നാൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വോട്ട് ബഹിഷ്‌കരിക്കുന്നതെന്നും സമിതി അംഗങ്ങൾ പറയുന്നു. പി.ഡി. റോയ്,ബൈജു ആന്റണി, ഷിനോജ്, ബാബു, വത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.