ആരവമൊഴിഞ്ഞു, ഇനി കാത്തിരിപ്പ് !
തൃശൂർ: മൈതാനത്തിനായി അവകാശവാദം, വാക്കേറ്റം... പ്രതിസന്ധികളെല്ലാം മറികടന്ന് വിരുന്നെത്തിയ സൂപ്പർ ലീഗ് കേരള ഫുട്ബാളിന് ഒടുവിൽ ഹൃദയാരവങ്ങളോടെ വരവേൽപ്പ്. തൃശൂരിലെ കോർപറേഷൻ സ്റ്റേഡിയത്തിലെ സൂപ്പർ ലീഗ് കേരളയിലെ അവസാന ലീഗ് മത്സരവും ഇന്നലെ സമാപിച്ചപ്പോൾ മലപ്പുറത്തിനും കോഴിക്കോടിനും ഒപ്പം കാൽപ്പന്തുകളിയുടെ പെരുമ പേറുന്ന തൃശൂരിനത് പഴമയിലേക്കൊരു മടക്കമാണ്. വിജയനും ജോപോളും പാപ്പച്ചനും പന്ത് തട്ടിനടന്ന '90കളിലെ തൃശൂർ' തിരിച്ചെത്തിയ പ്രതീതി, കോർപറേഷൻ സ്റ്റേഡിയത്തിലെ ഗാലറികളിൽ വീണ്ടും അഹ്‌ളാദാരവം.
ഇനി കാത്തിരിപ്പാണ് സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിനായി, പിന്നെ അടുത്ത സീസണായി... ടൂർണമെന്റിന്റെ തന്നെ ആദ്യ സെമി ഫൈനൽ ഡിസംബർ ഏഴിന് തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ നടക്കും.
കാൽപ്പന്തുകളിയിലെ പ്രധാന ടൂർണമെന്റുകൾ വീണ്ടും കേരളത്തിലെത്തുമ്പോൾ തൃശൂരും വേദിയാകുമെന്നാണ് പ്രതീക്ഷ. 2021 -22 കാലത്ത് സന്തോഷ് ട്രോഫിക്ക് കേരളം ആതിഥേയത്വം വഹിച്ചപ്പോൾ മലപ്പുറത്തിന്റെ മാഞ്ചസ്റ്ററായ മഞ്ചേരിയായിരുന്നു പ്രധാന വേദി. 2000ൽ ആണ് സന്തോഷ് ട്രോഫി ഏറ്റവുമൊടുവിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. പിന്നീട് 2015ൽ ദേശീയ ഗെയിംസ് വനിതാ ഫുട്ബാളും നടന്നു.
തലപ്പൊക്കത്തിൽ തൃശൂർ മാജിക്
കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലായിരുന്ന തൃശൂർ മാജിക് എഫ്.സി അവസാന ലീഗ് മത്സരത്തിന് മുൻപേ സെമിപ്രവേശം ഉറപ്പാക്കിയാണ് ഈ സീസണിൽ വരവറിയിച്ചത്. നിലവിലെ ചാമ്പ്യൻമാരായ കോഴിക്കോട് തന്നെയാണ് പട്ടികയിൽ മുൻപിൽ. തൃശൂർ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന കോഴിക്കോട് തിരുവനന്തപുരം മത്സരവും നാളത്തെ കൊച്ചി മലപ്പുറം മത്സരവും കഴിഞ്ഞാൽ മാത്രമേ മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകളാരാണെന്ന് വ്യക്തമാകൂ.