നടുവിലിൽ മുന്നണികൾ പോർനടുവിൽ
കണ്ണൂർ: നടുവിൽ ഡിവിഷനിൽ നേർക്കുനേരാണ് മുന്നണികളുടെ മത്സരം.കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച ഈ ഡിവിഷനിൽ 74,000ത്തോളം വോട്ടർമാരാണുള്ളത്. ഉദയഗിരി, കാർത്തികപുരം, കരുവഞ്ചാൽ, ഒടുവിൽ, കൂടിയാൻമല എന്നീ അഞ്ച് വാർഡുകൾ ചേർന്നതാണ് ഈ ഡിവിഷൻ. പൂർണമായും മലയോര മേഖലയായതിനാൽ കാർഷിക പ്രശ്നങ്ങളും വികസനവിഷയങ്ങളുമാണ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു.
ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മൈതാനത്തിറങ്ങിയതിന്റെ നേട്ടമുണ്ടെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും മണ്ഡലത്തിന് യോജിച്ച സ്ഥാനാർത്ഥിയുടെ സാന്നിധ്യവും വഴി ജയിക്കാനാകുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. എന്നാൽ തുടർവിജയങ്ങളുടെ പാരമ്പര്യമാണ് നടുവിലിൽ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യമുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ടുനീങ്ങുന്നുവെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരായ ജനരോഷം തങ്ങൾക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളെ മുന്നിൽ നിർത്തിയാണ് എൻ.ഡി.എയുടെ പ്രചാരണം പുരോഗമിക്കുന്നത്.
ഇവർ അങ്കതട്ടിൽ
യു.ഡി.എഫിനെ പ്രതിനിധീകരിക്കുന്നത് ഡി.സി.സി ജനറൽ സെക്രട്ടറി ജോജി വർഗീസ് വട്ടോളിയാണ്. സഹകരണ മേഖലയിലെ ജീവനക്കാരനായ ജോജി കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2000 മുതൽ 2010 വരെ ഉളിക്കൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, കെ.സി.വൈ.എം എന്നീ സംഘടനകളിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ച പരിചയവും ജോജിയുടെ മുതൽക്കൂട്ടാണ്. കോൺഗ്രസ് (എസ്) ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാത്യുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. തേർത്തല്ലി എരുവാട്ടി സ്വദേശിയായ രാജേഷ് ഗ്രന്ഥശാല പ്രവർത്തകനാണ്. വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച രാജേഷ് കർഷക കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി, ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി, തടിക്കടവ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരുന്നു. മലയോരമേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ദീർഘകാല സാന്നിദ്ധ്യമാണ് രാജേഷ്. ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.പി ജോയിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മലയോരമേഖലയിൽ വർഷങ്ങളായി രാഷ്ട്രീയപ്രവർത്തനം ഇദ്ദേഹം മികച്ച കർഷകനും സ്വാശ്രയ സംഘങ്ങളുടെ സംഘാടകനുമാണ്. എ.എ.പി സ്ഥാനാർത്ഥിയായി ഡൊമിനിക് എൻ തോമസും മത്സരത്തിലുണ്ട്.