കോർപറേഷനിൽ നിർണായകമാകും പുഴാതി സോണൽ മത്സരിക്കുന്നവരിൽ കൂടുതലും പുതുമുഖങ്ങൾ
കണ്ണൂർ: കോർപറേഷനിലെ പ്രമുഖ നേതാക്കൾ മത്സരിച്ചുവരാറുള്ള പുഴാതി സോണലിൽ ഇക്കുറി പുതുമുഖങ്ങളുടെ പോരാട്ടമാണ്. ഡിവിഷൻ വിഭജനവും ഭരണനേട്ടങ്ങളും പോരായ്മകളും ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികൾക്കെല്ലാം പ്രതീക്ഷയും ആശങ്കയും ഒരുപോലെയുണ്ട്. നിലവിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് രണ്ടും ഡിവിഷനുകളാണുള്ളത്. . നിലവിലെ കൗൺസിലിലെ ഏക ബി.ജെ.പി പ്രതിനിധിയായ വി.കെ.ഷൈജു മത്സരിക്കുന്ന ഉദയംകുന്ന് ഡിവിഷൻ മുന്നണികളെ ആശങ്കയിലാഴ്ത്തുന്ന ഡിവിഷനുകളിലൊന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ പാർട്ടിക്ക് വിജയസാദ്ധ്യതയുണ്ടെന്ന് കണ്ടാണ് ഷൈജു മത്സരത്തിനിറങ്ങിയത്. ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര 331 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഡിവിഷനിൽ ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനൂപ് ബാലനും എൽ.ഡി.എഫ് സ്വതന്ത്രനായി റസി.അസോ സംസ്ഥാന കൂട്ടായ്മയായ കോർവ കേരളയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ.അനിൽകുമാറും ഒപ്പം പി.കെ.രാഗേഷ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പി. റജുൽദാസുമാണുള്ളത്. ഫലത്തിൽ ഫലം പ്രവചിക്കാൻ പറ്റില്ലെന്ന് ചുരുക്കം.
പൊടിക്കുണ്ടിൽ എൽ.ഡി.എഫിന്റെ ഉറപ്പ് എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായ പൊടിക്കുണ്ട് ഡിവിഷനിൽ വി.പുരുഷോത്തമൻ (എൽ.ഡി.എഫ്), പാണ്ടൻ രമേശൻ (യു.ഡി.എഫ്), കെ.ഷൈജു (ബി.ജെ.പി) എന്നിവരാണ് മത്സര രംഗത്തുള്ളത്. നിലവിലെ കോർപറേഷൻ പ്രതിപക്ഷ ലീഡറായ എൻ. സുകന്യ 1009 വോട്ടിന്റെ വൻ ഭൂരിപക്ഷം നേടിയ ഈ ഡിവിഷനിൽ എൽ.ഡി.എഫിന്റെ ആധിപത്യം ഇത്തവണയും തുടരുമെന്നാണ് പൊതുവേ കരുതുന്നത്
കൊറ്റാളിയിൽ ത്രികോണമത്സരം കഴിഞ്ഞ തവണ സി.പി.എമ്മിലെ ടി.രവീന്ദ്രൻ 197 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കൊറ്റാളി ഡിവിഷനിൽ ഇത്തവണ കടുത്ത ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എ.വിദ്യ (എൽ.ഡി.എഫ്), കെ.ഉഷാകുമാരി (യു.ഡി.എഫ്), കെ.വി.രേണുക ടീച്ചർ (ബി.ജെ.പി) എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് 664 വോട്ടും ബി.ജെ.പി 662 വോട്ടും നേടി ഒപ്പത്തിനൊപ്പമായിരുന്നു. രണ്ട് വോട്ടിന്റെ ഈ അന്തരം ഇത്തവണത്തെ മത്സരം കൂടുതൽ ആവേശകരമാക്കുന്നു.
അത്താഴക്കുന്ന് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് വിമതഭീഷണി കാരണം കഴിഞ്ഞ തവണ നഷ്ടമായ അത്താഴക്കുന്ന് ഡിവിഷൻ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് ശക്തമായ പോരാട്ടത്തിലാണ്. കെ.ശ്രീജ (യു.ഡി.എഫ്), എം.വി.സവിത (എൽ.ഡി.എഫ്), പി.വിദ്യ(ബി.ജെ.പി) എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 472 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ, എൽ.ഡി.എഫ് വിമതനായ ടി.കെ.അഷറഫ് 964 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
മുസ്ലിം ലീഗ് കോട്ടയിൽ വെല്ലുവിളി മുസ്ലിം ലീഗ് കുത്തകയായ കക്കാട് ഡിവിഷനിൽ യു.ഡി.എഫിനായി ഷബീർ കുഞ്ഞിപള്ളി, എസ്.എം. ഷക്കീൽ (എൽ.ഡി.എഫ്), സ്വതന്ത്രനായി പ്രവീൻ എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ വി.പി.അഫ്സില 467 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പിഐ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.
തുളിച്ചേരിയിലും കക്കാടും കടുത്ത മത്സരം
63 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ജയിച്ച തുളിച്ചേരി ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫ് കക്കാട് നോർത്തിലെ നിലവിലെ കൗൺസിലർ പനയൻ ഉഷയെയാണ് നിർത്തിയിരിക്കുന്നത്. കെ.സുനിൽ (എൽ.ഡി.എഫ്), കെ.മജേഷ് (ബി.ജെ.പി) എന്നിവരാണ് എതിരാളികൾ.
കഴിഞ്ഞ തവണ 87 വോട്ടിന് നഷ്ടമായ കക്കാട് നോർത്ത് ഡിവിഷൻ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് മുൻ കൗൺസിലർ രവികൃഷ്ണനെ മത്സരരംഗത്തിറക്കി. യു.ഡി.എഫിന് സുബൈർ കിച്ചിരിയും ബി.ജെ.പിയുടെ കെ. സജോഷും രംഗത്തുണ്ട്.
യു.ഡി.എഫ് കോട്ടകളിൽ പ്രതീക്ഷ വച്ച് എൽ.ഡി.എഫ്
യു.ഡി.എഫ് കോട്ടയായ ശാദുലിപ്പള്ളി ഡിവിഷനിൽ വി.കെ.മുഹമ്മദലിക്കെതിരെ എൽ.ഡി.എഫ് മുൻ ഐ.എൻ.എൽ കൗൺസിലറായ ടി.കെ.അഷറഫിനെയാണ് രംഗത്തിറക്കിയത്. കഴിഞ്ഞ തവണ 759 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച ഈ മണ്ഡലത്തിൽ എത്രത്തോളം മാറ്റം വരുമെന്ന് കണ്ടറിയണം.പള്ളിപ്രം ഡിവിഷനിൽ എ.അർഷാദിനെ ഇറക്കിയ മുസ്ലിം ലീഗിനെതിരെ പി.പി. അശോകൻ (എൽ.ഡി.എഫ്), ആസാദ് ശശീന്ദ്രൻ (ബി.ജെ.പി) എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 701 വോട്ടായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം.