ഹേമന്ത് സോറന്‍ ബിജെപിയുമായി ചര്‍ച്ച നടത്തി; ജെഎംഎം ഇന്ത്യ മുന്നണി വിടുന്നു ?

Tuesday 02 December 2025 10:20 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ വമ്പന്‍ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനും ജെഎംഎം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) പാര്‍ട്ടിയും ഇന്ത്യ മുന്നണി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ബീഹാര്‍ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജെഎംഎം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹേമന്ത് സോറനും ഭാര്യ കല്‍പ്പന സോറനും ന്യൂഡല്‍ഹിയില്‍ എത്തിയതും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതുമാണ് ജെഎംഎം ഇന്ത്യ മുന്നണി വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍.

ബീഹാറില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി ജെഎംഎം 16 സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് കോണ്‍ഗ്രസ് - ആര്‍ജെഡി നേതൃത്വം വളരെ അധികം തങ്ങളെ കാത്തുനില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ജെഎംഎമ്മിനുള്ളിലെ വികാരം. ഇതോടെയാണ് മുന്നണി വിടുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആലോചനകള്‍ ആരംഭിച്ചത്. ഡല്‍ഹിയിലുള്ള ഹേമന്ത് സോറനും ഭാര്യയും റാഞ്ചിയിലേക്ക് മടങ്ങിയെത്തിയ ശേഷം ബുധനാഴ്ച മുന്നണി വിടുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ജാര്‍ഖണ്ഡ് നിയമസഭയിലുള്ളത്. ഇതില്‍ ജെഎംഎമ്മിന് 34 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എല്‍ജെപി ഒന്ന്, എജെഎസ്യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ഇതില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള 16ല്‍ എട്ട് എംഎല്‍എമാര്‍ ജെഎംഎമ്മിലേക്ക് വരുമെന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു.