നേമത്ത് മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

Wednesday 03 December 2025 1:22 AM IST

തൃശൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിന്റെ 'വോട്ട് വൈബ്' പരിപാടിയിലായിരുന്നു പ്രഖ്യാപനം. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

മത്സരിക്കുമെന്ന് ഉറപ്പാണെന്നും മണ്ഡലം ഏതെന്നുകൂടി താൻ പറയണോ എന്നും മാദ്ധ്യമപ്രവർത്തകരോടു തിരിച്ച് ചോദിച്ച ശേഷമാണ് നേമത്തായിരിക്കുമെന്ന് വെളിപ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പിക്ക് ഭരണം കിട്ടിയാൽ ആദ്യത്തെ 45 ദിവസത്തിനകം 5 വർഷത്തെ വികസന പ്ലാനിന്റെ ബ്ലൂപ്രിന്റ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. ഭരണമാറ്റം മാത്രമല്ല, ഭരണശൈലീമാറ്റം കൂടിയാണ് ബി.ജെ.പി മുന്നോട്ടു വയ്ക്കുന്ന വികസന രാഷ്ട്രീയമെന്നും വ്യക്തമാക്കി. ശശി തരൂർ ബി.ജെ.പിയിലേക്ക് വരാൻ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ഒരു അപേക്ഷയും കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി.