സ്ഥാനാർത്ഥി കളിയാട്ടത്തിരക്കിലാണ്..
നീലേശ്വരം നഗരസഭയിലെ അഞ്ചാം വാർഡിൽ ജനവിധി തേടി പ്രഗത്ഭ തെയ്യക്കോലധാരി സുരേഷ്ബാബു അഞ്ഞൂറ്റാൻ
നീലേശ്വരം: നീലേശ്വരവും പയ്യന്നൂരുമടക്കമുള്ള കഴകങ്ങളിലെ പെരുങ്കളിയാട്ടങ്ങളിലും പ്രമുഖക്ഷേത്രങ്ങളിലെ കളിയാട്ടങ്ങളിലും പ്രധാന ദേവതയുടെ കോലമണിയാൻ ചെറുജന്മാവകാശമുള്ള പ്രഗത്ഭ തെയ്യക്കോലധാരി സുരേഷ് ബാബു അഞ്ഞൂറ്റാൻ ഈ തിരഞ്ഞെടുപ്പിലും മത്സരരംഗത്ത്. നീലേശ്വരം നഗരസഭയിലെ അഞ്ചാംവാർഡായ ചിറപ്പുറത്താണ് സി.പി.എം ടിക്കറ്റിൽ ഇദ്ദേഹം മത്സരിക്കുന്നത്.
നീലേശ്വരം നഗരസഭയുടെ ആദ്യ കൗൺസിലിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു സജീവ സി.പി.എം പ്രവർത്തകൻ കൂടിയായ ഇദ്ദേഹം.
പന്ത്രണ്ടുമുതൽ 25 വർഷം വരെയുള്ള ഇടവേളകളിൽ നടക്കുന്ന പെരുങ്കളിയാട്ടങ്ങളിൽ നിലവിൽ ഏറ്റവുമധികം തിരുമുടിയേന്തിയ കോലധാരിയെന്ന അപൂർവതയും സുരേഷ്ബാബു അഞ്ഞൂറ്റാനുണ്ട്. നെല്ലിക്കാത്തുരുത്തി കഴകത്തിൽ രണ്ട് തവണ നിലമംഗലത്ത് ഭഗവതിയും കാടങ്കോട് നെല്ലിക്കാൽ ഭഗവതി ക്ഷേത്രത്തിൽ ഉച്ചൂളിക്കടവത്ത് ഭഗവതിയും പുതുകൈ താഴത്തറ എടയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ തിരുവർക്കാട്ട് ഭഗവതിയും പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ രണ്ടു തവണ കാപ്പാട്ട് ഭഗവതിയും തട്ടാച്ചേരി വടയന്തൂർ കഴകത്തിൽ രണ്ടു തവണ വടയന്തൂർ ഭഗവതിയും പാലക്കാട്ട് പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ 2015 ൽ പുതിയപറമ്പത്ത് ഭഗവതിയും പുതുക്കൈ മുച്ചിലോട്ട് മൂന്ന് തവണയും പുന്തുരുത്തി മുച്ചിലോട്ട് രണ്ട് തവണയും മുച്ചിലോട്ട് ഭഗവതിയുടെയും കോലമണിഞ്ഞിട്ടുണ്ട് ഇദ്ദേഹം. ചിത്താരിപ്പുഴയും ഒളവറ പുഴയും അതിരിടുന്ന അള്ളടസ്വരൂപത്തിലെ കളിയാട്ടങ്ങൾക്ക് സമാപനം കുറിക്കുന്ന നീലേശ്വരം മന്നൻപുറത്തുകാവിൽ കലശമഹോത്സവത്തിൽ മന്നൻപുറത്ത് ഭഗവതിയുടെ (കാവിലമ്മ) കോലമണിയുന്നതും വർഷങ്ങളായി സുരേഷ്ബാബു അഞ്ഞൂറ്റാനാണ്.
തെയ്യം വിട്ട് പ്രചാരണമില്ല
കളിയാട്ടത്തിരക്ക് കാരണം അഞ്ഞൂറ്റാന് പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നതാണ് സത്യം.തന്നെ വാർഡിലെ ഓരോ വീട്ടുകാർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന ആത്മവിശ്വാസം അപ്പോഴും അദ്ദേഹത്തിനുണ്ട്. പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതിക്ഷേത്ര കളിയാട്ടത്തിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അഞ്ഞൂറ്റാൻ. മകൻ ആദിത്യനാണ് ഇക്കുറി നാഗച്ചേരി ഭഗവതിയുടെ കോലമണിയുന്നത്. എന്നാൽ മകന് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് കൂടെ തന്നെ നിൽക്കേണ്ടിവന്നു. തെയ്യത്തെ മുറുകെ പിടിച്ചു തന്നെ വാർഡിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകിയായായിരിക്കും ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ തന്റെ പ്രവർത്തനമെന്ന് സുരേഷ് ബാബു പറയുന്നു.അതിപ്രഗത്ഭനായ പിതാവ് കൃഷ്ണൻ അഞ്ഞൂറ്റാന്റെ മരണശേഷമാണ് സുരേഷ് ബാബു അഞ്ഞൂറ്റാൻ പദവിയിലെത്തിയത്.
പാരമ്പര്യവിധികളും ആചാരവും ചിട്ടകളും പാലിച്ച് വ്രതശുദ്ധിയോടെയാണ് കളിയാട്ടത്തിൽ ദേവതകളുടെ തിരുമുടിയേന്തുന്നത്. ഉള്ളുനൊന്ത് എത്തുന്ന ഭക്തരുടെ കണ്ണീരൊപ്പുന്നതാണ് ദേവതകളുടെ മൊഴികൾ. പൊതുപ്രവർത്തനത്തിലും മറ്റുള്ളവരുടെ സങ്കടനിവർത്തിക്ക് തന്നെയാണ് മുൻതൂക്കം നൽകുന്നത്.- സുരേഷ്ബാബു അഞ്ഞൂറ്റാൻ