യുദ്ധവിമാന പൈലറ്റുമാരുടെ സുരക്ഷ: റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് പരീക്ഷണം വിജയം

Wednesday 03 December 2025 1:26 AM IST

ന്യൂഡൽഹി: യുദ്ധവിമാനം അപകടത്തിൽപ്പെടുമ്പോൾ പൈലറ്റുമാർക്ക് സുരക്ഷ ഒരുക്കാനുള്ള സാങ്കേതിക വിദ്യയ്‌ക്കായുള്ള റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് (ആർ.ടി.ആർ.എസ്) പരീക്ഷണം വിജയം. വിമാനം അപകടത്തിൽപ്പെടുമ്പോൾ പൈലറ്റിന് സെക്കൻഡുകൾക്കുള്ളിൽ ഇജക്‌ട് ചെയ്ത് പുറത്തുചാടാനും പാരച്യൂട്ടിൽ രക്ഷപ്പെടാനും കഴിയുന്ന തരത്തിലാണിത്.

ഡി.ആർ.ഡി.ഒയുടെ ചണ്ഡീഗഡ് ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലാണ് (ടി.ബി.ആർ.എൽ) പരീക്ഷണം നടന്നത്. ആർ.ടി.ആർ.എസിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിൽ നടത്തിയ പരീക്ഷണം വിജയിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ആകാശത്തെ വിമാനത്തിന്റെ എയറോഡൈനാമിക് സാഹചര്യങ്ങളും വേഗതയും കൃത്രിമമായി സൃഷ്‌ടിച്ചാണ് റോക്കറ്റ്-സ്ലെഡ് പരീക്ഷണം. പരീക്ഷണ വിവരങ്ങൾ അടിസ്ഥാനമാക്കി ഭാവിയിൽ തദ്ദേശീയമായി യുദ്ധവിമാനങ്ങളിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ കഴിയും.