ഇലയിട്ടു, ചോറില്ല
നമ്മുടെ നാട്ടിൽ സാധാരണ പറയാറുള്ള ഒരു കാര്യമുണ്ട്. എന്തെങ്കിലും ചെയ്യുമെന്ന് പ്രഖ്യപിച്ച ശേഷം ഒന്നുരണ്ട് ദിവസം കഴിയുമ്പോൾ ഇല്ലെന്ന് പറയുന്നതിനെ ഇലയിട്ട ശേഷം ചോറില്ലെന്ന് പറയുന്നപോലെ എന്ന് വിശേഷിപ്പിക്കും. ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷം യഥാർത്ഥത്തിൽ അത്തരത്തിലൊരു ഏർപ്പാടായിപ്പോയി പുതിയ ദേവസ്വം ബോർഡിന്റേത്. ശബരിമലയിൽ അന്നദാനത്തിന് പകരം ഡിസംബർ രണ്ടു മുതൽ കേരളീയ സദ്യ നൽകുമെന്നാണ് ബോർഡ് യോഗത്തിന് ശേഷം പ്രസിഡന്റ് കെ. ജയകുമാർ പ്രഖ്യാപിച്ചത്. പുതിയ പ്രസിഡന്റ് നടത്തിയ ആദ്യ പ്രഖ്യാപനം സ്വാദിഷ്ടമെന്നപോലെ എല്ലാവരും സ്വീകരിച്ചു. പ്രഖ്യാപിച്ച ദിവസം സദ്യ കഴിക്കാൻ എത്തിയവരോട് ഇല്ലെന്ന് പറഞ്ഞത് അങ്ങേയറ്റം മോശമായിപ്പോയി. സദ്യയ്ക്ക് ഇല അല്ല പാത്രമാണെന്നും കേൾക്കുന്നു. കഴിക്കാനിരുന്നവരെ എഴുന്നൽപ്പിച്ച് വിടുന്നത് പോലെയായി കാര്യങ്ങൾ. സദ്യയുടെ കാര്യത്തിൽ ബോർഡിൽ ഏകാഭിപ്രായമില്ലെന്നാണ് പുറത്തു വന്ന വിവരം. ശബരിമലയിൽ കേരളീയ സദ്യ വിളമ്പുമെന്ന് ബോർഡ് പ്രസിഡന്റ് പറഞ്ഞത് തങ്ങളോട് ആലോചിച്ചിട്ടല്ലെന്നാണ് ബോർഡിലെ മറ്റ് അംഗങ്ങളായ കെ.രാജുവിന്റെയും പി.ഡി സന്തോഷ് കുമാറിന്റെയും നിലപാട്. എല്ലാം കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് സ്ഥാനമേറ്റെടുപ്പോൾ പ്രസിഡന്റ് പറഞ്ഞത്. പക്ഷെ, സദ്യയുടെ കാര്യം അദ്ദേഹം ഒറ്റയ്ക്ക് തീരുമാനിച്ച് പ്രഖ്യാപിച്ചതാണ് മറ്റ് ബോർഡംഗങ്ങളെ ചൊടിപ്പിച്ചത്. സദ്യയുടെ കാര്യം മാദ്ധ്യമങ്ങൾ വഴിയാണ് അംഗങ്ങൾ അറിയേണ്ടതെന്നുണ്ടോ?. സദ്യയിലെ ഇൗ കല്ലുകടി ഇനി മുന്നോട്ടുള്ള കാര്യങ്ങളിലും ഉണ്ടാകരുതെന്ന് അംഗങ്ങൾ പ്രസിഡന്റിനെ ഒാർമിപ്പിക്കുന്നു.
ഒാരോരോ കാര്യങ്ങൾക്ക് ആരും അറിയാതെ നീക്കങ്ങൾ നടത്തിയ ദേവസ്വം ബോർഡിലെ രണ്ട് മുൻ പ്രസിഡന്റുമാർ ഇപ്പോൾ അഴിക്കുള്ളിലാണ്.
ശബരിമലയിൽ സദ്യ വിളമ്പുന്നതിൽ യോജിപ്പാണെന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ പറയുന്നുണ്ട്. എന്നാൽ, ആരോട് ചോദിച്ചിട്ടാണ് പ്രസിഡന്റ് തീരുമാനം പ്രഖ്യാപിച്ചത് എന്നതാണ് അവരുടെ ചോദ്യം. ഇക്കാര്യത്തിൽ ബോർഡ് യോഗത്തിന്റെ മിനിട്സ് ഉണ്ടോയെന്ന് അറിയില്ല. ശബരിമലയിൽ കേരളീയ സദ്യ മാത്രം വിളമ്പിയാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് അത് പിടിക്കില്ലെന്ന് എല്ലാവർക്കും അറിയാം. പരിപ്പും പർപ്പടവും അവിയലും തോരനുമൊക്കെയായി ഏഴ് കൂട്ടം വിഭവങ്ങളാണ് സദ്യയിൽ വിളമ്പുമെന്ന് ബോർഡ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. മലയാളകൾ അല്ലത്ത തീർത്ഥാടകർക്ക് ഇതു കഴിച്ച് ശീലമില്ല. സ്ഥലം ശബരിമലയാണ്. സദ്യ കഴിച്ച് വയറിന് കേടുവന്നാൽ അന്യ സംസ്ഥാന തീർത്ഥാടകൾ ഇതുവഴി വരാതാകും. അതു പരിഗണിച്ച് അന്യ സംസ്ഥാന തീർത്ഥാടകർക്ക് കൂടി കഴിക്കാൻ പറ്റുന്ന പുലാവ് കൂടി നൽകണമെന്ന് ദേവസ്വം ബോർഡിൽ അഭിപ്രായമുയർന്നിട്ടുണ്ട്.
@ കരാർ പുതുക്കാതെ സദ്യയോ
ശബരിമലയിൽ ഇൗ വർഷത്തെ തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് പതിവു പോലെ അന്നദാനത്തിനാണ് കരാർ നൽകിയത്. അന്നദാനത്തിൽ ചോറും ഒഴിച്ചുകറിയും ഒന്നാേ രണ്ടോ കൂട്ടാനുമാണ് ഇപ്പോൾ ലഭിക്കുന്നത്. അത് സദ്യയിലേക്ക് മാറുമ്പോൾ മെനുവിന്റെ എണ്ണം കൂടും. അന്നദാനത്തിൽ നിന്ന് സദ്യയിലേക്ക് മാറുമ്പോൾ ചെലവും കൂടും. ഇതൊന്നും പരിഗണിക്കാതെയാണോ സദ്യ എന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചത് എന്നാണ് മറ്റംഗങ്ങളുടെ ചോദ്യം. സദ്യ നടത്തുമ്പോൾ ചെലവ് ഏറുന്നത് അനുസരിച്ച് കരാർ പുതുക്കി നൽകേണ്ടതുണ്ട്. അതു ചെയ്തില്ല. ഇനി കരാർ പുതുക്കാൻ തീരുമാനിച്ചാൽ അതിന് സാങ്കേതികപരമായി ചില തടസങ്ങൾ നീക്കേണ്ടതുണ്ടെന്നാണ് ഒരു വാദം. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന നിലയിലേക്ക് എടുത്തു ചാടിയതാണ് കുഴപ്പമായത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ഐ. എ.എസുകാരനാണ്. അംഗങ്ങൾ രാഷ്ട്രീയക്കാരും. കെ. രാജു മുൻ മന്ത്രി കൂടിയാണ്. ഐ. എ. എസുകാർ കീഴുദ്യോഗസ്ഥരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുന്നവരാണ്. പക്ഷെ, ദേവസ്വം ബോർഡിന്റെ ഭരണ സംവിധാനത്തിൽ അങ്ങനെയൊന്ന് നടക്കില്ല എന്നതിന്റെ ആദ്യാനുഭവം കൂടിയാണ് സദ്യയിലെ തർക്കം. സ്വർണക്കൊള്ള പോലെ അമ്പരിപ്പിക്കുന്ന സംഭവങ്ങൾ നടന്ന ശബരിമലയുടെ കാര്യത്തിൽ നിസാരമെന്നു തോന്നുന്ന കാര്യം പോലും വലിയ വിവാദമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടിയാലോചന ഇല്ലാതെ ഒന്നും നടത്താൻ പാടില്ലാത്തതാണ്. വേണ്ടത്ര ആലോചനയും മുന്നൊരുക്കവുമില്ലാതെ അന്നദാനത്തിൽ നിന്ന് സദ്യയിലേക്ക് മാറാനാവില്ലെന്നാണ് ദേവസ്വം ഉദ്യോഗസ്ഥരുടെയും നിലപാട്. സദ്യ നടത്തുന്നതിനോട് എല്ലാവരും യോജിപ്പ് അറിയിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകൾ നടത്തി സദ്യ വിളമ്പണമെന്നു തന്നെയാണ് എല്ലാവരുടെയും നിലപാട്.
ഡിസംബർ രണ്ടിന് തുടങ്ങുമെന്ന് അറിയിച്ചിരുന്ന സദ്യ സാങ്കേതിക കാര്യങ്ങളിൽ കുടുങ്ങി തുടങ്ങാനായില്ലെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നത് ആശ്വാസകരമാണ്. സദ്യ ഇനി എന്നു തുടങ്ങുമെന്ന ആകാംക്ഷയിലാണ് തീർത്ഥാടകർ.
മറ്റ് സംസ്ഥാനക്കാർക്ക് കൂടി കഴിക്കാൻ പറ്റുന്ന പുലാവ് പോലുള്ള ഭക്ഷണം കൂടി വിളമ്പിയാൽ അവർക്കും സന്തോഷമാകും. അങ്ങനെയെരു തീരുമാനത്തിന് കാത്തരിക്കുകയാണ് തീർത്ഥാടകർ.