ഫോണില്‍ വിവരം കിട്ടും; ദേശീയ പാതകളില്‍ പുത്തന്‍ സംവിധാനം ഒരുക്കാന്‍ NHAI

Tuesday 02 December 2025 10:59 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാതകളിലെ യാത്രകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ നീക്കവുമായി ദേശീയ പാത അതോറിറ്റി. സുരക്ഷയ്‌ക്കൊപ്പം തടസ്സമില്ലാത്ത യാത്രാ സൗകര്യം ഒരുക്കുന്നതിനുമായി ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് എന്‍എച്ച്എഐ ഒരുങ്ങുന്നത്. റിലയന്‍സ് ജിയോയുമായി ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. ജിയോയുമായി ധാരണാപത്രം ഒപ്പുവച്ചു.

ജിയോ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക. സ്ഥിരം അപകടമേഖലകള്‍, കന്നുകാലികള്‍ അലഞ്ഞുതിരിയുന്ന സ്ഥലങ്ങള്‍, മൂടല്‍മഞ്ഞുള്ള പ്രദേശങ്ങള്‍, എമര്‍ജന്‍സി ഡൈവേര്‍ഷനുകള്‍ എന്നിവയിലേക്ക് അടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ ലഭിക്കുന്ന രീതിയിലായിരിക്കും സംവിധാനം ഏര്‍പ്പെടുത്തുക. ദേശീയ പാത ഉപയോക്താക്കള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കി, വേഗതയും ഡ്രൈവിംഗ് രീതിയും മുന്‍കൂട്ടി ക്രമീകരിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

മറ്റ് ടെലികോം സേവന ദാതാക്കളുമായും എന്‍എച്ച്എഐ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും തത്സമയ ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് യാത്രക്കാരുടെ അവബോധം വര്‍ദ്ധിപ്പിക്കാനും റോഡപകടങ്ങള്‍ കുറയ്ക്കാനും ഈ സംരംഭം സഹായിക്കും. യാത്രക്കാര്‍ക്ക് സമയബന്ധിതവും വിശ്വസനീയവുമായ വിവരങ്ങള്‍ നല്‍കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്ന് എന്‍എച്ച്എഐ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് പറഞ്ഞു.