അച്ഛൻ മറഞ്ഞ വേദനയിലും ആവണി നേടി ഒന്നാം സ്ഥാനം

Wednesday 03 December 2025 4:25 AM IST

ആറ്റിങ്ങൽ: മനസു നുറുങ്ങുന്ന വേദനയോടെയാണ് ആവണി ആറ്റിങ്ങൽ കോളേജ് മൈതാനത്ത് എത്തി ബാൻഡ് മുഴക്കിയത്. പഠിപ്പിക്കാനും കലോത്സവ വേദികളിലേക്കു കൊണ്ടുപോകാനും എപ്പോഴും ഒപ്പമുണ്ടായിരുന്ന അച്ഛൻ മാഞ്ഞുപോയിരിക്കുന്നു. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്ന മുട്ടത്തറ ചന്ദ്രികാഭവനിൽ സതീഷ്‌കുമാറിന്റെ ആകസ്മികമായ വേർപാട് 18നായിരുന്നു. മരണാന്തരചടങ്ങുകൾ 4ന് നടക്കും. വഞ്ചിയൂർ ഹോളി ഏഞ്ചൽസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആവണി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം ടീം ക്യാപ്റ്റനാണ്. സബ്‌ജില്ലാതല മത്സരത്തിൽ ആവണിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഉജ്ജ്വല പ്രകടനമാണ് ജില്ലയിലേക്ക് വീണ്ടും ടിക്കറ്റ് ലഭിക്കാൻ കാരണമായത്. മത്സരത്തിൽ ഇത്തവണ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. സഹപാഠികളും അദ്ധ്യാപകരും നി‌ർബന്ധിച്ചതോടെ തീരുമാനം മാറ്റി. എല്ലാം മറന്ന് അവൾ ടീമിനെ മുന്നിൽ നിന്നു നയിച്ചു. ഫലം വന്നപ്പോൾ ടീമിന് ഒന്നാം സമ്മാനം.

9-ാം ക്ലാസ് മുതൽ ബാൻഡ് മേളത്തിൽ പരിശീലനം തുടങ്ങിയ ആവണി കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും പങ്കെടുത്തിരുന്നു. അമ്മ ശ്രീജ. സഹോദരൻ പ്രണവ് എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.