 ചുവടുവയ്ക്കും മുമ്പേ ഒന്നാം സമ്മാനം ഉറപ്പിച്ചെന്ന് ആരോപണം മോഹിനിയാട്ടം വേദിയിൽ ബഹളം

Wednesday 03 December 2025 3:27 AM IST

ആറ്റിങ്ങൽ: തിരശീല ഉയർന്ന് മത്സരാ‌ർത്ഥി ചുവടുവയ്ക്കും മുമ്പേ ഒരു കൂട്ടം രക്ഷിതാക്കൾ പറയുന്നു. ഈ കുട്ടിക്ക് തന്നെയായിരിക്കും ഒന്നാം സമ്മാനം.

ഒടുവിൽ ഫലം വന്നപ്പോൾ അവരുടെ പ്രവചനം കറക്ട്. പിന്നെ വൈകിയില്ല, ആകെ ബഹളം. രോഷം വിധികർത്താക്കൾക്കു നേരെ. കോഴ വാങ്ങി വിധി നിർണയം നടത്തിയെന്ന് ആരോപണം. ഒടുവിൽ പൊലീസിന്റെ എൻട്രി. ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരത്തിനൊടുവിലാണ് സംഭവം.

ബഹളം കൂടുന്നതിനിടെ വേദിയിൽ കയറി പ്രതിഷേധിക്കാൻ ചില രക്ഷിതാക്കൾ വിദ്യാർത്ഥിനികളോട് പറഞ്ഞു. പൊലീസ് ഇടപെടലിലാണ് അതൊക്കെ ഒഴിവായത്. ഇതിനിടെ ഒന്നാം സ്ഥാനം മാത്രം പറഞ്ഞ് മറ്റ് ഫലമൊന്നും വായിക്കാതെ വിധികർത്താക്കൾ വേദിക്കു മുന്നിൽ നിന്നും പോയി. ആകെ 20 കുട്ടികളാണ് പങ്കെടുത്തത്.

മറ്റ് മത്സരാർത്ഥികളുടെ സ്ഥാനം ഉൾപ്പെടെ അനൗൺസ് ചെയ്യണമെന്ന് രക്ഷിതാക്കൾ പറഞ്ഞെങ്കിലും അത് സാദ്ധ്യമല്ലെന്ന് വിധികർത്താക്കൾ പറഞ്ഞു. ലഭിച്ച സ്ഥാനം കൃത്യമായി അറിയാത്തതിനാൽ അപ്പീൽ പോകാൻ കഴിയാതെ നിന്ന രക്ഷിതാക്കൾ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ തടിച്ചുകൂടി. കൃത്യമായ സ്ഥാനം അറിയാത്തതിനാൽ ബാക്കി 19 പേരും 5000 രൂപ വീതം അപ്പീൽ തുക അടയ്‌ക്കേണ്ടതായുണ്ട്. രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്കാണ് അപ്പീലിൽ മുൻഗണന. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയത്.