'സഞ്ചാർ സാഥി' ആപ്പ് ഡിലീറ്ര് ചെയ്യാം: കേന്ദ്രം
ന്യൂഡൽഹി: പുതിയ സ്മാർട്ട് ഫോണുകളിൽ ടെലികോം വകുപ്പ് വികസിപ്പിച്ച സൈബർ സുരക്ഷാ ആപ്പ് 'സഞ്ചാർ സാഥി' ഉണ്ടാകുമെങ്കിലും അവശ്യമില്ലാത്തവർക്ക് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര സർക്കാർ. ഉപഭോക്താക്കൾ അപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. ആവശ്യമില്ലാത്തവർ ആക്ടിവേറ്റ് ചെയ്യേണ്ടതില്ലെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
മൊബൈലുകളിൽ ഗൂഗിൾ മാപ്പ് അടക്കം നിരവധി ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതെല്ലാം എല്ലാവരും ഉപയോഗിക്കുന്നുണ്ടോ. ഉപയോഗമില്ലാത്തവ പ്രവർത്തന രഹിതമാക്കാമല്ലോ. അതുപോലെ തന്നെയാണിതെന്നും മന്ത്രി പറഞ്ഞു. സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാനാവില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ത്യയിൽ ആദ്യമായി പ്രീ ഇൻസ്റ്റാൾഡ‌് ആപ്പ് നിർബന്ധമാക്കുന്നതിൽ പ്രതിപക്ഷത്തു നിന്നടക്കം വിമർശനം ഉയർന്നിരുന്നു. പൗരൻമാരെ നിരീക്ഷിക്കാനാണിതെന്നായിരുന്നു ആരോപണം.
നഷ്‌ടപ്പെട്ട ഫോണുകൾ കണ്ടെത്താനും വ്യാജ ഫോണുകളുടെ ഉപയോഗം തടയാനുമടക്കം കഴിയുന്ന ആപ്പാണിത്.
പ്രീ ഇൻസ്റ്റാൾ പറ്റില്ലെന്ന് ആപ്പിൾ
ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ സഞ്ചാർ സാഥി ആപ്പ് മൊബൈൽ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനാകില്ലെന്ന് ആപ്പിൾ. ബുദ്ധിമുട്ട് സർക്കാരിനെ അറിയിക്കുമെന്ന് ആപ്പിൾ വൃത്തങ്ങൾ പറഞ്ഞു. തീരുമാനമെടുക്കുന്നതിന് മുൻപ് തങ്ങളോട് ആലോചിച്ചിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നു. ആഗോള തലത്തിലെ വരുമാനം നോക്കി പിഴത്തുക നിശ്ചയിക്കുന്ന ആന്റി ട്രസ്റ്റ് പെനാൽട്ടി നിയമം എതിർക്കുമെന്ന് ആപ്പിൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
തട്ടിപ്പു തടയാൻ ഇങ്ങനെയൊരു ആപ്പ് ഉണ്ടെന്ന് പലർക്കും അറിയില്ല. അതുകൊണ്ടാണ് പ്രീഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിച്ചത്. -ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര ടെലികോം മന്ത്രി