പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു

Wednesday 03 December 2025 1:37 AM IST
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ നീർവാരം സ്വദേശി സത്യജ്യോതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നു

പനമരം: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്.

പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപത്തുവെച്ചായിരുന്നു കാട്ടാന ആക്രമണം. പിതാവ് മോഹനനൊപ്പം പുഞ്ചവയൽ ഭാഗത്തേക്ക് നടന്നുവരുന്നതിനിടെ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സത്യ ജ്യോതി നിലത്ത് വീണു. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചതെന്ന് പിതാവ് മോഹനൻ പറഞ്ഞു. ഉടൻതന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ക്ഷതം ഏറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൈസൂരിൽ റെയിൽവേയുടെ പരീക്ഷ എഴുതാനായി യാത്ര പുറപ്പെടുമ്പോഴായിരുന്നു സത്യജ്യോതി അപകടത്തിൽ പെട്ടത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമായിട്ടും പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതാണ് ആക്രമണം തുടരാൻ ഇടയാക്കുന്നത്. നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണിത്. പകൽസമയം പോലും കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ആന ആക്രമണത്തിൽ പ്രതഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. പരിക്കേറ്റ യുവാവിന്റെ ചികിത്സ പൂർണമായും വനം വകുപ്പ് നടത്തുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ അറിയിച്ചു. ആനയെ കാടുകയറ്റാനുള്ള നടപടികൾ സ്വീകരിക്കും. പ്രദേശത്ത് പെട്രോളിംഗ് നടത്തുമെന്നും ഡി.എഫ്.ഒ അറിയിച്ചു.