കപ്പടിക്കാൻ സൗത്തിന്റെ മുന്നേറ്റം
ആറ്റിങ്ങൽ: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കപ്പടിക്കാനായി തിരുവനന്തപുരം സൗത്ത് മുന്നേറ്റം തുടങ്ങി. 419പോയിന്റുകളോടെയാണ് മുന്നേറ്റം. 411 പോയിന്റുമായി പാലോടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുളള കിളിമാനൂരിന് 406പോയിന്റുണ്ട്. ആതിഥേയരായ ആറ്റിങ്ങൽ 402 പോയിന്റുമായി നാലാമതാണ്. കഴിഞ്ഞ തവണ അവസാന ദിവസം മുന്നേറ്റം നടത്തി കപ്പടിച്ച തിരുവനന്തപുരം നോർത്ത് ഇന്നലെ 398 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
മികച്ച സ്കൂളുകൾക്കു വേണ്ടിയുളള മത്സരത്തിൽ പാലോട് സബ് ജില്ലയിലെ നന്ദിയോട് എസ്.കെ.വി.എച്ച്.എസാണ് മുൻപിൽ. 146 പോയിന്റ്. സൗത്തിലെ വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ (125) രണ്ടാം സ്ഥാനത്തും കോട്ടൺ ഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ (98) മൂന്നാം സ്ഥാനത്തുമാണ്. മത്സരഫലത്തെ ചൊല്ലിയും വേദിയെ ചൊല്ലിയുമുള്ള പരാതികൾ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ദിനമായിരുന്നു ഇന്നലെ. ഹയർസെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തെ ചൊല്ലിയായിരുന്നു ബഹളമെങ്കിൽ നാടക മത്സരത്തിന്റെ വേദിയെ ചൊല്ലിയായിരുന്നു ബഹളം. മംഗലംകളിക്ക് വിധി കർത്താക്കളായി ആ ഗോത്രകല അറിയുന്നവർ ഇല്ലായിരുന്നുവെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. മത്സരങ്ങൾ വൈകുന്നത് മത്സാരാർത്ഥികളെ കുഴയ്ക്കുകയാണ്. വൈകി തുടങ്ങിയ മംഗലംകളി മത്സരം കഴിഞ്ഞ ഉടൻ ചിറയിൻകീഴ് പ്രേംനസീർ മെമ്മോറിയൽ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. പണിയ നൃത്തം മത്സര ശേഷം ഒരു വിദ്യാർത്ഥിനിയും കുഴഞ്ഞു വീണു.ഒന്നാം ദിവസത്തെ മത്സരങ്ങൾ പാതിരാത്രിയോളം നീണ്ടിരുന്നു.