മരണം വിധിയെഴുതിയ ഡോക്ടറെ തിരുത്തി സംഗീതയുടെ ജീവിതം
ഇന്ന് ലോക ഭിന്നശേഷി ദിനം
ആലപ്പുഴ: ചിത്രശലഭത്തെ പോലെ പാറി നടന്നൊരു പതിനേഴുകാരി പെൺകുട്ടി. കോളേജിലേക്കുള്ള യാത്രകളിൽ തന്റെ കാലുകളുടെ കരുത്ത് കുറയുന്നത് അവൾതിരിച്ചറിഞ്ഞു. പരിശോധനകളിൽ മസിലിന്റെ ബലം കുറയുന്ന മയോപ്പതിയെന്ന അസുഖമാണെന്ന വെളിപ്പെടുത്തലിനൊപ്പം ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം ഡോക്ടർമാർ വിധിയെഴുതി. ആയുസ്സ് പരമാവധി 22 വയസ് വരെ. ഹൃദയം നുറുക്കിയ വാക്കുകളോടും പ്രതിസന്ധികളോടും പോരാടിയ ആ പെൺകുട്ടി ഇന്ന് തന്റെ മരണകണക്ക് കുറിച്ച അതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗ്രേഡ് വൺ ഫാർമസിസ്റ്റ് സി.പി.സംഗീതയാണ് (43) ചക്രക്കസേരയിലിരുന്ന് ജീവിതയാത്ര തുടരുന്നത്.
ഓൾ കേരളാ ഫാർമസിസ്റ്റ് യൂണിയൻ സംസ്ഥാന തലത്തിൽ മെഡിക്കൽ കോളേജുകളിലെ ഫാർമസിസ്റ്റുകൾക്കായി ഏർപ്പെടുത്തിയ മികവിന്റെ പുരസ്ക്കാരത്തിനും സംഗീത അർഹയായി.
പ്രീഡിഗ്രിപഠനം തുടങ്ങിയപ്പോൾ വീട്ടിൽ നിന്നും സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള സംഗീതയുടെ യാത്രകൾ. സൈക്കിൾ ഇടക്കാലത്ത് പണിമുടക്കിയപ്പോൾ ബസിനെ ആശ്രയിച്ചു. അക്കാലത്താണ് നടക്കുമ്പോൾ തളർച്ചയും ബസിലേക്ക് കയറാൻ പ്രയാസവും അനുഭവപ്പെട്ടത്. തുടർന്നുള്ള പരിശോധനകളിൽ മയോപ്പതിയെന്ന് തിരിച്ചറിഞ്ഞു. പ്രീഡിഗ്രി കഴിഞ്ഞ് ഫാർമസിക്ക് അഡ്മിഷൻ ലഭിച്ചതും ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു. പത്ത് വർഷത്തിലധികം ചേർത്തല ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു. 2013 ജനുവരി 29ന് മെഡിക്കൽ കേളേജിൽ ജോലിക്ക് പ്രവേശിക്കാനെത്തിയതും പരസഹായത്തോടെ നടന്നായിരുന്നു. അതേ വർഷം ഫെബ്രുവരിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റതോടെ മസിലുകൾ വഴങ്ങാതായി. ഇതോടെ ചക്രക്കസേരയെ പൂർണമായും ആശ്രയിച്ചു.
മറക്കില്ല ആ വാക്കുകൾ
''ദിവസങ്ങൾ കഴിയും തോറും കാലുകളുടെ ബലം കുറഞ്ഞു തുടങ്ങും, അങ്ങനെ 22 വയസ്സാകുമ്പോൾ ഇവൾ മരിച്ചു പോകും.. അത് ഉൾക്കൊള്ളാൻ കഴിയണം' ഡോക്ടറുടെ ആ വാക്കുകൾ എത്ര ജന്മം കഴിഞ്ഞാലും മനസ്സിൽ നിന്നും പോകില്ലെന്ന് സംഗീത പറഞ്ഞു . ഭൂമി പിളർന്നു അതിലൂടെ താഴേക്ക് പോയിരുന്നെങ്കിൽ എന്ന് മനസ് കൊണ്ട് അപ്പോൾ ആഗ്രഹിച്ചു പോയി.
ദിവസം 30 കി.മീ. യാത്ര
പ്രത്യേകം രൂപപെടുത്തിയ വാഹനത്തിൽ ഇലക്ട്രിക് ചക്രക്കസേരയിലാണ് ദിവസേന 30 കിലോമീറ്റർ ദൂരെയുള്ള ജോലി സ്ഥലത്തെത്തുന്നത്. കഥകളും കവിതകളും ആനുകാലികങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും കുറിക്കാനും സമയം കണ്ടെത്തും. ചേർത്തല തെക്ക് സഹകരണ ബാങ്ക് റിട്ട.സെക്രട്ടറി ശ്രീലയത്തിൽ സി.വി.പുരുഷന്റെയും, കെ.വി.സുശീലയുടെയും മകളാണ്. മാദ്ധ്യമപ്രവർത്തകനായ പി.പി.രാജേഷാണ് ഭർത്താവ്.