പിതാവിനെ വെട്ടിക്കൊന്ന നവജിത്ത് പൊലീസിനോട്, "ഒന്നിനും സ്വാതന്ത്ര്യമില്ല, അച്ഛൻ പണം തരാറില്ല "

Wednesday 03 December 2025 12:10 AM IST

നടരാജന്റെ സംസ്കാരം ഇന്ന്

കായംകുളം : മൃഗീയമായി കൊലപ്പെടുത്തുന്നതിനോളം വളർന്ന പകയ്ക്ക് പിന്നിൽ പിതാവ് പണം നൽകാത്തതിലെ വിരോധമെന്ന് നവജിത്തിന്റെ മാെഴി. വിവാഹിതനായിട്ടും സ്വതന്ത്രമായി സഞ്ചരിക്കാൻ പിതാവ് അനുവദിച്ചില്ലെന്നും നവജിത്ത് പൊലീസിനോട് പറഞ്ഞു.

കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജനെ (63)യാണ് മകനും അഭിഭാഷകനുമായ നവജിത്ത് (30) ഞായറാഴ്ച വീട്ടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയത്. നവജിത്തിന്റെ വെട്ടേറ്റ മാതാവ് സിന്ധു (48) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലാണ്. നടരാജന്റെ സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

പിതാവ് ജീവിതത്തിൽ ഒന്നിനും സ്വാതന്ത്ര്യം തന്നിരുന്നില്ലെന്നും ആവശ്യങ്ങൾക്ക് പണം തരാറില്ലായിരുന്നെന്നും നവജിത്ത് വെളിപ്പെടുത്തി. കൃത്യത്തിന് ശേഷം കസ്റ്റഡിയിൽ എടുക്കുമ്പോൾ വെട്ടേറ്റു കിടക്കുന്നത് മാതാപിതാക്കളല്ല ഡമ്മികളായിരുന്നെന്നാണ് നവജിത്ത് പൊലീസിനോട് പറഞ്ഞത്. നാട്ടുകാരും പൊലീസും എത്തുമ്പോൾ 'അവിടെ ഡമ്മികിടക്കുന്നു ഡമ്മികിടക്കുന്നു' എന്ന് നവജിത്ത് അലറുകയായിരുന്നു. അമിത രാസലഹരി ഉപയോഗത്തിൽ ഇയാൾ അർദ്ധബോധാവസ്ഥയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. വാക്കുതർക്കത്തെ തുടന്ന് സ്റ്റയർകേസിന് അടിയിലിരുന്ന വാക്കത്തി എടുത്ത് പിതാവിന്റെ തലയ്ക്ക് തുരുതുരെ വെട്ടുകയായിരുന്നു,തടഞ്ഞ കൈകൾ അറ്റുതൂങ്ങി. മാതാവിന്റെയും തലയ്ക്ക് തുരുതുരെ വെട്ടി. നടരാജന്റെ തലയ്ക്ക് 42 വെട്ടുകളും ശരീരത്ത് ആറ് വെട്ടുകളുമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

രാവിലെ മുതൽ നവജിത്ത് ലഹരിഉപയോഗിച്ചത് സംബന്ധിച്ച് നടരാജനുമായുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സി.സി ടിവി ദ്യശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നു. മയക്കുമരുന്ന് കണ്ടെത്താൻ മുറികൾ തുറന്നുള്ള പരിശോധനയും നടത്തി. നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മാവേലിക്കര കോടതിയിൽ ഹാജരാക്കിയ നവജിത്ത് റിമാന്റിലാണ്. ലഹരിമരുന്ന് സാന്നിദ്ധ്യം കണ്ടെത്താൻ ഇയാളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കനകക്കുന്ന് സി.ഐ സി. അമൽ,എസ്.ഐ പ്രദീപ്,എ.എസ്.ഐ റീന,ഉദ്യോഗസ്ഥരായ സജീഷ്,നവാസ്,ഷിജാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.