കരുതിക്കൂട്ടി നടത്തിയ കൊലപാതകം : പൊലീസ്
കായംകുളം: നവജിത്ത് നിശ്ചയിച്ച് ഉറപ്പിച്ചതിനുശേഷം മാതാപിതാക്കളെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്. ഉച്ചമുതൽ തന്നെ പണം ഇരിക്കുന്ന മുറിയുടെ താക്കോലിനായി നവജിത്തും പിതാവും തമ്മിൽ പിടിവലി നടന്നു. ഇത് സംബന്ധിച്ച സി.സി.ടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഡൈനിഗ് ഹാളും അടുക്കളയും കുറ്റിയിട്ടിട്ടാണ് കൃത്യം നടത്തിയത്. രണ്ട് വാതിലുകൾ പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്. അച്ഛനെയും അമ്മയെയും ആരും എത്തി രക്ഷപ്പടുത്താതിരിക്കാനാണ് വാതിലുകൾ കുറ്റിയിട്ടത്. അക്രമത്തിന് ശേഷവും പൊലീസിനെ ഭയപ്പെടുത്തി അകറ്റി. പിതാവിന്റെ മരണം ഉറപ്പാക്കുന്നതുവരെ വെട്ടിയതും നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണന്ന സൂചനയാണ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. നവജിത്തിന് ഇന്നോവയും ഫോഡ് കാറും വാങ്ങി നൽകിയത് നടരാജനാണ്.ധാരാളം പണവും കൊടുത്തിരുന്നു. ലഹരി ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണ് പണം കൊടുക്കാതായത്.
നടരാജന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പൊലീസ് മുറി തുറന്നപ്പോൾ അലമാരയിൽ നിന്നും ഏഴ് ലക്ഷം രൂപയും 40 പവനോളം സ്വർണ്ണവും ലഭിച്ചു. ഇത് പൊലീസ് കസ്റ്റഡിയിലാണ്. അഞ്ചാം തീയതി നവജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ കഴിയുന്ന മാതാവ് സിന്ധുവിന്റെ മൊഴി എടുക്കാൻ പൊലീസ് എത്തിയെങ്കിലും അവർ അബോധാവസ്ഥയിലായിരുന്നു.