വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്ടറേയും ജീവനക്കാരെയും ആക്രമിച്ചു

Wednesday 03 December 2025 12:14 AM IST

കുട്ടനാട്: യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത

മദ്ധ്യവയസ്കനായ ഹോം നഴ്സ്,​ വൈദ്യപരിശോധനയ്ക്കിടെ ഡ്യൂട്ടി ഡോക്ടറേയും നഴ്സുമാരെയും ആക്രമിച്ചു. കഴിഞ്ഞ രാത്രി പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലാണ് സംഭവം.

പുളിങ്കുന്ന് ഒമ്പതാം വാർഡ് എസ്.എൻ.ഡി.പി സേവാസംഘത്തിന് സമീപം കൊണ്ടകശ്ശേരി മംഗളാനന്ദന്റെ വീട്ടിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോം നഴ്സായി ജോലി നോക്കിവന്ന തിരുവല്ല കുറ്റൂർ മണ്ണാൻപറമ്പ് വീട്ടിൽ ബാബു തോമസ് (കൊച്ചുമോൻ -56) ആണ് ഡ്യൂട്ടി ഡോക്ടറായ ലിബിയയേയും വനിതാ നഴ്സുമാരുൾപ്പടെയുള്ള ഏഴ് ജീവനക്കാരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും മണിക്കൂറുകളോളം ആശുപത്രിയെ മുൾമുനയിൽ നിർത്തിയതും.

അത്യാഹിത വിഭാഗത്തിന് മുന്നിൽ കിടന്ന് ഉരുണ്ട് ബഹളം കൂട്ടിയ ഇയാൾ ഡോക്ടറുടെ ക്യാബിൻ ചവിട്ടിപ്പൊളിച്ചു. എന്നിട്ടും കലിയടങ്ങാതെ അത്യാഹിത വിഭാഗത്തിലെ ഐ.വി സ്റ്റാൻഡ് കൈക്കലാക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരിലൊരാളെയും ആക്രമിച്ചു. തുടർന്ന്

സെക്യൂരിറ്റി ജീവനക്കാരൻ എത്തി ഇയാളെ കീഴ്പ്പെടുത്തി.

കെ.ജി.എം.ഒ

പ്രതിഷേധിച്ചു

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെയുണ്ടായ ആക്രമണത്തിൽ കെ.ജി.എം.ഒ പ്രതിഷേധിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.