പ്രതിസന്ധിയിൽ പാകിസ്ഥാൻ, മുനീറിനെ തഴയാൻ നാടുവിട്ട് ഷെഹ്ബാസ്

Wednesday 03 December 2025 12:27 AM IST

ഇസ്ലാമാബാദ്:​ പാ​കി​സ്ഥാ​നി​ൽ​ ​ഫീൽഡ് മാർഷൽ ​അ​സിം​ ​മു​നീ​ർ ​സം​യു​ക്ത​ സേ​നാ​ ​മേ​ധാ​വി​യാ​യി (സി.ഡി.എഫ്) സ്ഥാനമേൽക്കുന്നത് തടയാൻ വേറെ മാർഗമില്ല. ഉത്തരവിൽ ഒപ്പിടാതിരിക്കാൻ ഗത്യന്തരമില്ലാതെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടു. അതിനിടെ തന്നെ സൈന്യം കാരാഗൃഹത്തിൽ വച്ച് ഇല്ലാതാക്കുമെന്ന് മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇമ്രാൻ ഖാൻ. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കരസേനാ മേധാവിയായിരിക്കുമെന്നും മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇമ്രാൻ പറയുന്നു. ഇമ്രാനെ സംരക്ഷിക്കാൻ പാർട്ടിയും അണികളും പ്രക്ഷോഭത്തിൽ. അതി നാടകീയമായ, പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ് പാകിസ്ഥാൻ.

മുനീറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം വൈ​കു​ന്ന​തി​നെ​​ചൊ​ല്ലി ​കഴിഞ്ഞ ദിവസം ​വി​വാ​ദമുയർന്നിരുന്നു. നവംബർ 29ന് മുനീർ പദവി ഏറ്റെടുക്കേണ്ടതായിരുന്നു. ന​വം​ബ​ർ​ 26​ ​മു​ത​ൽ​ ​ഷെ​ഹ്ബാ​സ് ​വി​ദേ​ശ​ത്താ​ണ്. ബഹറൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി ഇന്ത്യയുടെ മുൻ ദേശീയ സുരക്ഷാ ഉപദേശ ബോർഡ് അംഗം തിലക് ദേവാഷർ പറഞ്ഞു. ഭരണഘടനാ ഭേദഗതിയിലൂടെയാണ് സി.ഡി.എഫ് പദവി സൃഷ്ടിച്ചത്. പാകിസ്ഥാന്റെ സൈനിക നേതൃത്വത്തെ ഏകീകരിക്കാനുള്ള ഭേദഗതിയാണിത്. ഇതുപ്രകാരം കരസേനാ മേധാവിയുടെ കാലാവധി സി.ഡി.എസിനുതുല്യമാണ്. എന്നാൽ അസിം മുനീറിന് അഞ്ചു വർഷത്തേക്ക് സി.ഡി.എഫ് സ്ഥാനം നൽകുന്നത് എങ്ങനെയും തടയുകയാണ് ഷെഹബാസിന്റെ ലക്ഷ്യം.

വി​ജ്ഞാ​പ​നം​ ​വൈ​കു​ന്ന​ത് ​സൈ​നി​ക​ ​നേ​തൃ​ത്വ​ ​പ്ര​തി​സ​ന്ധി​ക്കുമിടയാക്കി. മൂന്ന് വർഷ കാലാവധി കഴിഞ്ഞതിനാൽ അസിം മുനീർ നിലവിൽ സൈനിക മേധാവിയല്ല. അതായത് പാകിസ്ഥാന് നിലവിൽ സൈനിക മേധാവിയില്ല. സ്ട്രാറ്റജിക് കമാൻഡ് ഫോഴ്സിന് കീഴിൽ വരുന്ന ആണവ കമാൻഡ് അതോറ്റിട്ടിക്കുപോലും നേതൃത്വമില്ലാത്ത അവസ്ഥ.

ലണ്ടനിൽ

ഷെ​ഹ്ബാ​സ് ​നി​ല​വി​ൽ​ ​ല​ണ്ട​നി​ലാ​ണ്.​ ന​യ​ത​ന്ത്ര​ ​ച​ർ​ച്ച​ക​ൾ​ക്കും​​ ​ചി​കി​ത്സ​യി​ലു​ള്ള​ ​സ​ഹോ​ദ​ര​നും​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ​ ​ന​വാ​സ് ​ഷെ​രീ​ഫി​നെ​ ​കാ​ണാ​നും​ ​വേ​ണ്ടി​യാ​ണ്​ ​സ​ന്ദ​ർ​ശ​ന​മെ​ന്നാണ് ​റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് മുനീറിനെ സംയുക്ത സേനാ മേധാവിയാക്കുനുള്ള ബിൽ പാർലമെന്റിൽ പാസായത്. കര, നാവിക, വ്യോമസേനകളുടെ പരമോന്നത സൈനിക കമാൻഡറായി മാറുന്ന മുനീറിന് ആജീവനാന്തം പദവിയും പ്രോസിക്യൂഷനിൽ നിന്ന് പ്രതിരോധവും ലഭിക്കും. ജനാധിപത്യ, ജുഡിഷ്യൽ വ്യവസ്ഥകളെ അട്ടിമറിച്ച് സൈനിക സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്.