ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം

Wednesday 03 December 2025 1:28 AM IST

ആലപ്പുഴ: ഓ​ട്ടോഡ്രൈവറായ തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ അനിൽകുമാറിനെ(38) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാംപ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (അപ്പൂസ് ​-27), രണ്ടാം പ്രതി അനപ്രമ്പാൽ നോർത്ത് കളങ്ങരഭാഗത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ്​ ആലപ്പുഴ അഡിഷണൽ സെഷൻസ്​ കോടതി രണ്ട്​ ജഡ്ജി എസ്​. ഭാരതി ശിക്ഷിച്ചത്​. ഇരുവരും ഒ​രുലക്ഷം രൂപ വീതം പിഴയൊടുക്കണം. മൂന്നാം പ്രതി രാഹുലിനെ വെറുതെവിട്ടു.

2019 ജനുവരി 14ന്​ രാത്രി 12.30നായിരുന്നു​ കേസിനാസ്​പദമായ സംഭവം. എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്​ ഓട്ടോയിൽ വരുമ്പോൾ കെവിന്റെ സഹോദരിയെ അനിൽകുമാർ വഴിയിൽ ഇറക്കിവിട്ടിരുന്നു. ഇതിന്റെ വിരോധത്തിൽ വീട്ടിൽനിന്ന് അനിൽകുമാറിനെ വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട്​ കൊലപ്പെടുത്തുകയായിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ ഹാജരായി.