നാണംകെട്ട് പാകിസ്ഥാൻ, ശ്രീലങ്കയ്ക്ക് നൽകിയത് കാലാവധി കഴിഞ്ഞ സാധനങ്ങൾ

Wednesday 03 December 2025 12:32 AM IST

കൊളംബോ: ഡിറ്റ്‌വാ ചുഴലിക്കാറ്റിനെത്തുടർന്ന് തകർന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പിന്തുണയും സഹായവും എത്തിക്കവേ പാകിസ്ഥാന്റെ ക്രൂരത. മാനുഷിക സഹായമെന്ന പേരിൽ ശ്രീലങ്കയ്ക്ക് അയച്ച സാധനങ്ങളെല്ലാം കാലാവധി കഴിഞ്ഞവ. കൊളംബോയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷൻ തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ കിറ്റിന്റെ ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്. മിനിട്ട കൾക്കുള്ളിൽ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഉത്പന്നങ്ങളുടെ ഷെൽഫ് ലൈഫ് 2024 വരെയാണെന്നാണ് പാക്കേജുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യക്ക് നന്ദി

അറിയിച്ചു

അതേസമയം, ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു'വിന് കീഴിൽ, നവംബർ 28 മുതൽ 53 ടൺ ദുരിതാശ്വാസ സാമഗ്രികൾ ശ്രീലങ്കയിലെത്തിച്ചു.ഇന്ത്യയുടെ ഇടപെടലിന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് നന്ദി അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിലും നാവികസേനയുടെ കപ്പലുകളിലുമായിട്ടാണ് സാമഗ്രികൾ അയച്ചത്.ശ്രീലങ്കയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിനാണ് രാജ്യം സാക്ഷിയായത്.പരിശീലനം നൽകാൻ പ്രത്യേക മെഡിക്കൽ സംഘവും കൊളമ്പോയിൽ എത്തി. 750 ഓളം ഇന്ത്യക്കാരെയാണ് ഇതുവരെ നാട്ടിൽ തിരിച്ചെത്തിക്കാനായത്. ഇന്ത്യൻ സർക്കാരിനും സേനാംഗങ്ങൾക്കും നാട്ടിലേക്ക് മടങ്ങിയവർ നന്ദി പറഞ്ഞു.

അതിനിടെ ശ്രീലങ്കയിൽ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 465 ആയി ഉയർന്നു. വരും ദിവസങ്ങളിൽ പല പ്രദേശങ്ങളിലും മഴ വർദ്ധിക്കുമെന്നും സ്ഥിതി കൂടുതൽ വഷളാകാനുള്ള സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു അറിയിച്ചു.

ഇന്ത്യ അനുമതി നൽകി

ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന് വ്യോമാതിർത്തി കടക്കാൻ ഇന്ത്യ അതിവേഗം അനുമതി നൽകി. എന്നാൽ പാകിസ്ഥാൻ നൽകിയ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻഅനുമതി നിഷേധിച്ചെന്നായിരുന്നു വാർത്ത. ഇതിനെ ശക്തമായ ഭാഷയിൽ ഇന്ത്യ അപലപിച്ചു. പാകിസ്ഥാന്റെ ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഇന്ത്യ പ്രതികരിച്ചു.