'ഇഡ്ഡലി' ചർച്ചയിലും പരിഹാരമില്ല കർണാടക നേതാക്കൾ എട്ടിന് ഡൽഹിക്ക്

Wednesday 03 December 2025 12:53 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള സിദ്ധരാമയ്യ-ശിവകുമാർ തർക്കം പ്രാതൽ ചർച്ചകളിലും പരിഹാരമാകാതെ ഹൈക്കമാൻഡിന്റെ മുന്നിലേക്ക്. എട്ടിന് ഡൽഹിയിലെത്തുന്ന ഇരുവരും മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ചർച്ച നടത്തും. ഇതിന് മുന്നോടിയായി ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മംഗലാപുരത്ത് വച്ച് കാണും. ഇന്നലെ ഡി.കെ. ശിവകുമാറിന്റെ വസതിയിൽ നടന്ന പ്രാതൽ ചർച്ചയിലാണ് ഡൽഹിയിൽ പോകാനുള്ള തീരുമാനമായത്. നവംബർ 29ന് സിദ്ധരാമയ്യയുടെ വസതിയിൽ നടന്ന പ്രാതൽ യോഗത്തിൽ തർക്കം പരിഹരിച്ചെന്ന രീതിയിൽ വാർത്ത വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി പദം കൈമാറുന്നത് സംബന്ധിച്ച തർക്കം തുടർന്നതിനാലാണ് ഇന്നലെ വീണ്ടും കണ്ടത്.

ഇഡ്ഡലിയും ചിക്കൻ

കറിയും

സിദ്ധരാമയ്യ‌യ്ക്കായി ഇഡ്ഡലിയും നാടൻ ചിക്കൻ കറിയും വിളമ്പിയ പ്രാതൽ വിരുന്നിൽ ശിവകുമാറിന്റെ സഹോദരനും മുൻ എം.പിയുമായ ഡി.കെ. സുരേഷും ബന്ധുവായ ഡോ. എച്ച്.ഡി. രംഗനാഥും പങ്കെടുത്തു. നേരത്തെ സിദ്ധരാമയ്യയെ പരസ്യമായി വിമർശിച്ച സുരേഷ്,​ അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിക്കുന്ന ദൃശ്യവും പുറത്തുവന്നു. വിരുന്നിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ എം.പിമാർക്കൊപ്പം കർഷകരുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ പോകുമെന്നാണ് ഇരുവരും പറഞ്ഞത്.

രാഹുലിന്റെ തീരുമാനം

തത്‌കാലം കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് രാഹുൽ. എന്നാൽ ശിവകുമാറിന് നൽകിയ വാക്ക് പാലിക്കണമെന്ന് സോണിയയ്ക്കും പ്രിയങ്കയ്ക്കും അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ ഡൽഹി ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമോ എന്നതാണ് പ്രധാനം.

ഹൈ​ക്ക​മാ​ൻ​ഡ് ​പ​റ​ഞ്ഞാ​ൽ​ ​മാ​റാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​ഹൈക്കമാൻഡ്​ ​തീ​രു​മാ​നം​ ​ര​ണ്ടു​പേ​രും​ ​അം​ഗീ​ക​രി​ക്കും -​സി​ദ്ധ​രാ​മ​യ്യ

സംസ്ഥാനത്തിന്റെ വികസനവും നിയമസഭാ സമ്മേളനവുമാണ് ഞങ്ങൾ ചർച്ച ചെയ്‌തത്.

പാർട്ടി ഒറ്റക്കെട്ടാണ്.

-ഡി.കെ. ശിവകുമാർ