രോഹിൻഗ്യകൾക്ക് പരവതാനി വിരിക്കണോ: സുപ്രീംകോടതി

Wednesday 03 December 2025 12:56 AM IST

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമോയെന്ന് വിമ‌ർശിച്ച് സുപ്രീംകോടതി. രോഹിൻഗ്യൻ അഭയാ‌ർത്ഥികളെ നാടുകടത്തുന്നത് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാകണമെന്ന ഹ‌ർജികൾ പരിഗണിക്കവെയാണിത്. രോഹിൻഗ്യകളെ അഭയാ‌ർത്ഥികളായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരോട് ചോദിച്ചു. നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചു, എന്നിട്ടിപ്പോൾ ആനുകൂല്യങ്ങളും സൗകര്യങ്ങളും ആവശ്യപ്പെടുന്നു. നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇവിടെ പാർപ്പിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിനുണ്ടോയെന്നും കോടതി ആരാഞ്ഞു.