കരൂർ: സി.ബി.ഐ അന്വേഷണം പിൻവലിക്കണമെന്ന് തമിഴ്നാട്
ന്യൂഡൽഹി: കരൂർ ദുരന്തത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സുപ്രീംകോടതി നടപടി പിൻവലിക്കണമെന്ന് തമിഴ്നാട് സർക്കാർ. റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി അജയ് രസ്തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണത്തിന് കഴിഞ്ഞ ഒക്ടോബർ 13നാണ് ഇടക്കാല ഉത്തരവിട്ടിരുന്നത്. ഈ നിർദ്ദേശം പിൻവലിക്കണമെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണം പര്യാപ്‌തമാണെന്ന് മദ്രാസ് ഹൈക്കോടതി വിലയിരുത്തിയിരുന്നു. അതിനാൽ പ്രത്യേക അന്വേഷണസംഘത്തെ തന്നെ തുടർന്നും അന്വേഷണചുമതല ഏൽപ്പിക്കണമെന്നും സർക്കാർ വാദിച്ചു. തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് ജി.എസ്. മണിയുടെ ഹർജിയിലായിരുന്നു സുപ്രീംകോടതി നടപടി. ഈ ഹർജിയെ അടക്കം എതിർത്തു കൊണ്ടാണ് തമിഴ്നാട് സർക്കാരിന്റെ സത്യവാങ്മൂലം. തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്റെ ജുഡീഷ്യൽ അന്വേഷണം മരവിപ്പിച്ചത് റദ്ദാക്കണമെന്നും കൂട്ടിച്ചേർത്തു. സെപ്‌തംബർ 27ലെ ടി.വി.കെ റാലിക്കിടെ 41 പേർ മരിക്കുകയും, 100ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.