ടി.വി.കെ റോഡ് ഷോയ്ക്ക് അനുമതിയില്ല
ചെന്നൈ: ടി.വി.കെ അധ്യക്ഷൻ വിജയ്‍യുടെ റോഡ് ഷോയ്ക്ക് അനുമതി നൽകാനാകില്ലെന്ന് പുതുച്ചേരി പൊലീസ്.
ഡിസംബർ 5-ന് നടത്താൻ തീരുമാനിച്ച,റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്.പകരം തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ അനുമതി നൽകി.പുതുച്ചേരി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വിജയ് അണിനിരത്തുന്ന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം പൊതുയോഗം മാത്രമാണെങ്കിൽ സുരക്ഷാ നടപടികൾ എളുപ്പമാണെന്നും കൂടുതൽ മികച്ച രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.ഇതുസംബന്ധിച്ച് ടി.വി.കെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കരൂരിൽ ഒക്ടോബറിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേരാണ് മരിച്ചത്.ഇതിന് ശേഷം ജനക്കൂട്ടത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിച്ചിട്ടുണ്ട്.