ജെ.എം.എം എൻ.ഡി.എയിലേക്ക്?

Wednesday 03 December 2025 1:15 AM IST

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) 'ഇന്ത്യ' മുന്നണി വിട്ട് എൻ.ഡി.എയിലേക്കെന്ന് സൂചന. സോറനും ഭാര്യ കല്പന സോറനും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇന്നലെ ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗാംഗ്‌വാർ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതോടെയാണ് അഭ്യൂഹം ശക്തമായത്.

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ നിരാശയിലായിരുന്ന ജെ.എം.എം ഇന്ത്യ മുന്നണി വിടുമെന്ന സൂചനയുണ്ടായിരുന്നു. ഖനന അഴിമതി കേസുകളിൽ പ്രതിയായ സോറന് കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുന്നതും മെച്ചമാണ്. കേസിൽ അറസ്റ്റിലായ സോറൻ ജാമ്യത്തിലാണിപ്പോൾ. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെ.എം.എമ്മിന് 34 സീറ്റുണ്ട്. ഭൂരിപക്ഷത്തിന് 41 സീറ്റ് ആവശ്യമായിരിക്കെ കോൺഗ്രസ് (16) ആർ.ജെ.ഡി (4),സി.പി.ഐ-എംഎൽ(2) പാർട്ടികളുടെ പിന്തുണയിലാണ് സർക്കാർ രൂപീകരിച്ചത്. +എൻ.ഡി.എയിൽ ചേർന്നാൽ ബി.ജെ.പി(21),എൽ.ജെ.പി(1),എ.ജെ.എസ്‌.യു(1),ജെ.ഡി.യു(1) കക്ഷികളുമായി ചേർന്ന് ഭരണം തുടരാനാകും.