ഡൽഹി സ്‌ഫോടനം : അമിർ 7 ദിവസം കൂടി എൻ.ഐ.എ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ജമ്മു കാശ്‌മീർ സ്വദേശി അമിർ റാഷിദ് അലിയെ 7 ദിവസം കൂടി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. നേരത്തെ 17 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിരുന്നു. ചെങ്കോട്ടയ്‌ക്കു സമീപമുണ്ടായ സ്‌ഫോടനത്തിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയുടെ കൂട്ടാളിയാണ് അമിറെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം, സ്‌ഫോടനക്കേസ് അന്വേഷണവും വിചാരണയും പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തി. ഇന്ന് പരിഗണിച്ചേക്കും. പൊതുപ്രവർത്തകനായ ഡോ. പങ്കജ് പുഷ്‌ക്കറാണ് ഹർജിക്കാരൻ. ഇതിനിടെ, സ്‌ഫോടനത്തിന് മുന്നോടിയായി ഹമാസ് മോഡൽ ഡ്രോൺ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നുവെന്നതിന് ഏജൻസികൾക്ക് കൂടുതൽ തെളിവുകൾ ലഭിച്ചു. അറസ്റ്റിലായ ഡാനിഷ് എന്ന ജാസിർ ബിലാൽ വാനിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന ഡ്രോണുകളുടെ അടക്കം നിർണായക ചിത്രങ്ങൾ വീണ്ടെടുത്തു. 2