അവസാന കുതിപ്പിൽ ജയം ഉറപ്പിക്കാൻ
കോട്ടയം: വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കേ നാടിളക്കിയുള്ള പ്രചാരണത്തിന് പകരം വീടുകയറി വോട്ടുറപ്പിക്കുന്നതിന് പ്രാധാന്യം നൽകി മുന്നണികൾ. മിക്ക സ്ഥാനാർത്ഥികളും ഇതിനകം മൂന്നു തവണ വീടു കയറി. ഒപ്പം അഭ്യർത്ഥനയും വികസന നേട്ടങ്ങളും പ്രകടന പത്രികയുമായി പ്രവർത്തകരും. സന്ധ്യക്കോ രാത്രിയിലോ വീട്ടുകാർ ഉച്ചമയക്കത്തിലായിരിക്കുന്ന സമയത്തോ വീടു കയറി വോട്ട് അഭ്യർത്ഥിക്കരുതെന്നും പ്രവർത്തകരുടെ ഭാഗത്തു നിന്ന് വോട്ടില്ലാതാക്കുന്ന പെരുമാറ്റം ഉണ്ടാകരുതെന്നും പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജില്ലയിലെ പ്രവർത്തനം വിലയിരുത്താനെത്തിയിരുന്നു. നേതാക്കളെ പങ്കെടുപ്പിച്ചുള്ള പൊതു യോഗങ്ങൾക്കു പകരം സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും വിശദീകരിച്ചും ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ വോട്ടർമാരുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകുന്ന കുടുംബയോഗങ്ങൾക്കാണ് സി.പി.എം പ്രാധാന്യംനൽകിയിട്ടുള്ളത്. മന്ത്രി വി.എൻ.വാസവനാണ് കോട്ടയത്ത് ഇടതു മുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മന്ത്രി റോഷി അഗസ്റ്റിനും ജോസ് കെ മാണി എം.പിയുംകേരളാകോൺഗ്രസ് ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുന്നു. ജോസിന്റെ മകൻ കെ.എം.മാണി ജൂനിയറും പാലാ, കടുത്തുരുത്തി,കോട്ടയം മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങി.
യു.ഡി.എഫാകട്ടെ പൊതു യോഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡിസതീശൻ, രമേശ് ചെന്നിത്തല, പികെ.കുഞ്ഞാലിക്കുട്ടി, എൻ.കെ.പ്രേമചന്ദ്രൻ, സിപി ജോൺ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ പൊതുയോഗത്തിനെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത ദിവസമെത്തും. പി.ജെ.ജോസഫും മകൻ അപുജോസഫും പൊതു യോഗങ്ങളിൽ പാട്ടു പാടിയും വോട്ടർമാരെ ആകർഷിക്കുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, മുൻ കേന്ദ്രമന്ത്രി അൽഫോസ് കണ്ണന്താനം, പി.സി ജോർജ്, ഷോൺ ജോർജ് തുടങ്ങിയർ എൻ.ഡിഎ പ്രചാരണത്തിന് നേതൃത്വം നൽകുന്നു.
വിലയിരുത്തൽ ഇങ്ങനെ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ ,ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലെ മേധാവിത്വം നില നിറുത്തുന്നതിനു പുറമേ കൂടുതൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.
ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും കഴിഞ്ഞ തവണ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫ് നേടിയ വൻവിജയം തിരിച്ചു പിടിക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ്
നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് എൻ.ഡിഎ