കടുപ്പം കിടങ്ങൂർ

Wednesday 03 December 2025 2:54 AM IST

കോട്ടയം: സ്ഥാനാർത്ഥികളുടെ മികവ് കിടങ്ങൂരിലെ പോരാട്ടത്തിന് കടുപ്പം കൂട്ടുന്നു. യു.ഡി.എഫിനായി മുൻ കോളേജ് പ്രിൻസിപ്പലും എൽ.ഡി.എഫിനായി കോളജ് അദ്ധ്യാപികയും ശക്തികേന്ദ്രങ്ങൾ ഏറെയുള്ള ഡിവിഷനിൽ എൻ.ഡി.എയും ഊർജ്ജിത പ്രചാരണത്തിലാണ്. കേരളാ കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടുന്ന ഡിവിഷനിൽ യു.ഡി.എഫിനായി ഡോ. മേഴ്സി ജോണും എൽ.ഡി.എഫിനായി നിമ്മി ട്വിങ്കിൾ രാജും എൻ.ഡി.എയ്ക്കായി ദീപ സുരേഷും മത്സരിക്കുന്നു.

മൂന്ന് മുന്നണികളും ഭണത്തിലുള്ള പഞ്ചായത്തുകളായ കിടങ്ങൂർ, മുത്തോലി, കൊഴുവനാൽ, അകലക്കുന്നം എന്നിവിടങ്ങളിലെ വിവിധ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ. കേരളാ കോൺഗ്രസുകൾക്ക് നിർണായക സ്വാധീനവുമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസിലെ ജോസ്‌മോൻ മുണ്ടയ്ക്കൽ 1200 വോട്ടിനാണ് വിജയിച്ചത്. എൻ.ഡി.എ സ്ഥാനാർഥി 8305 വോട്ട് നേടിയിരുന്നു. മൂന്നു സ്ഥാനാർഥികളും മുൻ ജനപ്രതിനിധികൾ. മൂവർക്കും ഡിവിഷനിൽ വ്യക്തി, രാഷ്ട്രീയ ബന്ധങ്ങളുമേറെ. ഈ ബന്ധങ്ങളെ വോട്ടായി മാറ്റാൻ കഴിയുന്ന സ്ഥാനാർഥിയ്‌ക്കൊപ്പം വിജയവും പോകുമെന്ന് ജനങ്ങൾ പറയുന്നു.

ഡോ. മേഴ്സി ജോൺ (യു.ഡി.എഫ്) ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലായ ഡോ. മേഴ്സി ജോണിലൂടെ ഡിവിഷൻ നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ മേഴ്സി 2001ൽ ഇരിക്കൂരിൽ നിന്ന് നിയമസഭയിലേയ്ക്കും മത്സരിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായ മേഴ്സി ആദ്യമായാണ് ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്നത്.

 നിമ്മി ട്വിങ്കിൾ രാജ് (എൽ.ഡി.എഫ്) കൊഴുവനാൽ പഞ്ചായത്ത് മുൻ പ്രസിഡന്റായ നിമ്മി ട്വിങ്കിൾ രാജിലൂടെ ഡിവിഷൻ തിരികെ പിടിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. കേരള വനിതാ കോൺഗ്രസ് (എം) ജില്ല ജനറൽ സെക്രട്ടറിയായ നിമ്മി കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദധാരിയാണ്. ഇപ്പോൾ പി.എച്ച്.ഡി ചെയ്യുന്നു. ഏറ്റുമാനൂരിൽ സ്വകാര്യ കോളേജിൽ വകുപ്പ് മേധാവിയും ജലനിധി സംസ്ഥാന ഗവേണിംഗ് ബോഡി അംഗവുമാണ്.

ദീപ സുരേഷ് (എൻ.ഡി.എ) കിടങ്ങൂർ, മുത്തോലി പഞ്ചായത്തുകളിൽ മുന്നണിയ്ക്കുള്ള സ്വാധീനം വോട്ടാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ദീപയുടെ വരവ്. കിടങ്ങൂർ പഞ്ചായത്ത് അംഗമായ ദീപ ബി.ജെ.പി കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയാണ്. കിടങ്ങൂർ എൻ.എസ്.എസ് കരയോഗം വനിതാ സമാജം പ്രസിഡന്റുമാണ്.

നിർണായകം

മൂന്ന് മുന്നണികൾക്കും സ്വാധീനം

 വിശ്വാസ വിഷയങ്ങൾ

കാർഷിക, കുടിവെള്ള പ്രശ്നങ്ങൾ