ജയിലിനുള്ളിൽ സിഗരറ്റും മദ്യവും ഫോണും; പിടികൂടിയതോടെ നിരാഹാരവുമായി തടവുകാർ

Wednesday 03 December 2025 10:08 AM IST

ബംഗളൂരു: ജയിലിനുള്ളിൽ തടവുകാരുടെ നിരാഹാരസമരം. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലാണ് സംഭവം. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജയിലിൽ നിരീക്ഷണം ശക്തമാക്കിയതാണ് തടവുകാരുടെ പ്രതിഷേധത്തിന് കാരണം.

തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മദ്യം കഴിക്കുന്നതും സിഗരറ്റ് വലിക്കുന്നതും ജയിലിനുള്ളിൽ പാർട്ടി നടത്തുന്നതിന്റെയുമൊക്കെ വീഡിയോകൾ പുറത്തുവന്നിരുന്നു. വിവാദത്തിന് പിന്നാലെ നിരവധി ജയിൽ ജീവനക്കാരെ സ്ഥലം മാറ്റുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ജയിലിനുള്ളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ജയിലിനുള്ളിലേക്ക് മദ്യത്തിന്റെയും സിഗരറ്റിന്റെയുമൊക്കെ ഒഴുക്ക് തടയാൻ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ഇതാണ് തടവുകാരിൽ അസ്വസ്ഥതയുണ്ടാക്കിയത്.

ഇതോടെ തടവുകാർ മൂന്ന് ദിവസത്തെ നിരാഹാരം ആരംഭിച്ചു. ഭക്ഷണം നിഷേധിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് ജയിൽ അധികൃതർ താക്കീത് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

'അടുത്തിടെ ജയിലിനുള്ളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 50 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇത്തരം വസ്തുക്കൾ ജയിലിനുള്ളിൽ എത്തുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചു. നിരീക്ഷണവും കർശനമാക്കി. ബീഡിയും സിഗരറ്റും വീണ്ടും അനുവദിക്കണമെന്ന് തടവുകാർ ആവശ്യപ്പെട്ടിരുന്നു. തയ്യാറാകാതിരുന്നതോടെ ഒരു കൂട്ടം തടവുകാർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. ശക്തമായ നടപടി ഉണ്ടാകുമെന്ന് തടവുകാർക്ക് മനസിലായതോടെ പ്രതിഷേധം അവസാനിപ്പിച്ചു. മുഴുവൻ സമയവും പൊലീസിനെ സജ്ജരാക്കി നിർത്തി. ആരൊക്കെയാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് കർശനമായ മുന്നറിയിപ്പുകൾ നൽകി'- ജയിൽ അധികൃതർ അറിയിച്ചു.