സ്‌ത്രീധനമായി ബുള്ളറ്റ് നൽകിയില്ല; നവവധുവിനെ ആദ്യദിവസം തന്നെ വീട്ടിൽനിന്ന് പുറത്താക്കി ഭർത്താവും കുടുംബവും

Wednesday 03 December 2025 10:58 AM IST

കാൺപൂർ: ബുള്ളറ്റ് ബൈക്ക് അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ സ്‌ത്രീധനം ആവശ്യപ്പെട്ട് നവവധുവിനെ വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻതന്നെ വരന്റെ കുടുംബം സ്‌ത്രീധനമായി ബൈക്ക് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ 24 മണിക്കൂറിനുള്ളിൽ ബന്ധം അവസാനിച്ചു.

നവംബർ 29നായിരുന്നു ഉത്തർപ്രദേശിലെ കാൺപൂരിലെ ജൂഹി നിവാസികളായ ലുബ്‌നയും മുഹമ്മദ് ഇമ്രാനും വിവാഹിതരായത്. പുതിയൊരു ജീവിതത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മനസിലേറ്റിക്കൊണ്ടാണ് ലുബ്‌ന ഇമ്രാന്റെ വീട്ടിലേക്ക് പോയത്. അത്യാഗ്രഹത്തിന്റെ പടുകുഴിയിലേക്കാണ് പോകുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല. വീട്ടിൽ കയറിയ ഉടൻതന്നെ ഭർത്താവിന്റെ ബന്ധുക്കൾ അവൾക്ക് ചുറ്റും കൂടി. കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന് പകരം അവർ ഇമ്രാന് ബുള്ളറ്റ് വാങ്ങാനുള്ള പണമാണ് യുവതിയോട് ആവശ്യപ്പെട്ടത്.

'ഞാൻ വീട്ടിൽ കയറിയ ഉടൻതന്നെ അവിടെ തർക്കമായി. ബുള്ളറ്റ് വാങ്ങിക്കൊടുക്കാത്തതിനാൽ പകരം വീട്ടിൽ പോയി രണ്ട് ലക്ഷം രൂപ കൊണ്ടുവരാൻ അവർ ആവശ്യപ്പെട്ടു.ഞാൻ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടുകാർ നൽകിയ പണവും ഭർതൃവീട്ടുകാർ കൈക്കലാക്കി. അവരെന്നെ മർദിച്ചു. പണം വാങ്ങി വരാൻ പറഞ്ഞ് വീട്ടിൽ നിന്നും പുറത്താക്കി' - ലുബ്‌ന പറഞ്ഞു.

തിരികെ വീട്ടിലെത്തിയ ലുബ്‌ന മാതാപിതാക്കളോട് കരഞ്ഞുകൊണ്ട് വിവരം ധരിപ്പിച്ചു. മകളുടെ വിവാഹത്തിനായി ലക്ഷങ്ങൾ ചെലവായെന്നാണ് മാതാപിതാക്കൾ പറയുന്നത്. സോഫ സെറ്റ്, ഒരു ടിവി, വാഷിംഗ് മെഷീൻ, ഡ്രസിംഗ് ടേബിൾ, വാട്ടർ കൂളർ, ഡിന്നർ സെറ്റുകൾ, സ്റ്റീൽ, പിച്ചള എന്നിവയിൽ നിർമ്മിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇമ്രാന്റെ വീട്ടുകാർക്ക് ഇവർ നൽകിയിരുന്നു.

വിവാഹത്തിന് മുമ്പ് ഇവർ ബൈക്ക് ആവശ്യപ്പെട്ടിരുന്നില്ല. എങ്കിൽ ഈ വിവാഹവുമായി മുന്നോട്ട് പോകില്ലായിരുന്നുവെന്നും ലുബ്‌നയുടെ അമ്മ മെഹ്‌താബ് പറഞ്ഞു. വിവാഹത്തിന് ചെലവഴിച്ച പണവും നൽകിയ സാധനങ്ങളും തിരിച്ച് നൽകണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും അവർ പറഞ്ഞു. ഇമ്രാനും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം പുരോഗമിക്കുകയാണ്.