അഫ്‌ഗാനിസ്ഥാനിൽ വധശിക്ഷ കാണാനെത്തിയത് 80,000 പേർ; നടപ്പിലാക്കിയത് 13കാരൻ, പിന്നാലെ വിമർശനം

Wednesday 03 December 2025 10:59 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി പതിമൂന്നുകാരൻ. ഇന്നലെ ഖോസ്​റ്റിലെ ഒരു സ്‌​റ്റേഡിയത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് കാണാൻ സ്​റ്റേഡിയത്തിൽ 80,000ൽ അധികം ആളുകൾ എത്തിയിരുന്നു.

13കാരന്റെ കുടുംബത്തിലെ ഒമ്പത് കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മംഗലെന്ന് പേരുള്ളയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തന്നെ താലിബാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാൾ കു​റ്റക്കാരനാണെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ വധശിക്ഷ നടപ്പിലാക്കാൻ അംഗീകാരവും നൽകിയിരുന്നു.

എന്നാൽ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. അഫ്ഗാനിസ്ഥാന്റെ ഈ നടപടി മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രതികരിച്ചു. 2021നുശേഷം താലിബാൻ നടത്തുന്ന പതിനൊന്നാമത്തെ നിയമപരമായ വധശിക്ഷയാണിതെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി അറിയിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് താലിബാൻ ഉദ്യോഗസ്ഥർ കുട്ടിയോട് കു​റ്റവാളിക്ക് മാപ്പ് നൽകാൻ തയ്യാറാണോയെന്ന് ചോദിച്ചു. കുട്ടി വിസമ്മതിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കാൻ ആയുധം നൽകിയത്. ഖോസ്​റ്റിലെ താലിബാൻ ഗവർണറുടെ വക്താവായ മോസ്‌തഗ്ഫർ ഗുർബാസ് സംഭവവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു. പത്ത് മാസം മുൻപാണ് മംഗൾ, ആൺകുട്ടിയുടെ കുടുംബത്തെ കൊലപ്പെടുത്തിയത്. ഫസ്​റ്റ് ഇൻസ്​റ്റൻസ് കോടതി, അപ്പീൽ കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലെ നടപടിക്രമങ്ങൾക്കു ശേഷമാണ് മംഗൾ കു​റ്റക്കാരനാണെന്ന് കണ്ടെത്തിയത്.