ഉറങ്ങുമ്പോൾ ഒരിക്കലും ഇങ്ങനെ തലവയ്‌ക്കരുതേ
ഒരു നല്ല വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എല്ലാ സൗകര്യങ്ങളോടും കൂടി വീട് നിർമ്മിച്ചിട്ടും വീട്ടിനുള്ളിൽ സമാധാനം കുറവാണെങ്കിലോ? അതിനാൽ വീട് നിർമ്മിക്കുമ്പോൾ വാസ്‌തുശാസ്‌ത്ര പ്രകാരമുള്ള കാര്യങ്ങൾ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ല. വാസ്തുവിന് പിന്നിലെ കലയും ശാസ്ത്രവും വീട്ടിനുള്ളിലെ സമാധാനവും ശാന്തതയും പ്രോത്സാഹിപ്പിക്കുന്നു. വീട്ടിനുള്ളിൽ എപ്പോഴും പോസിറ്റീവ് എനർജി നിലനിർത്തണമെന്നുണ്ടെങ്കിൽ വാസ്‌തു ശാസ്‌ത്ര പ്രകാരം ചില കാര്യങ്ങൾക്ക് പ്രാധാന്യം നൽകണം. വീടിന്റെ ദിശ, ഘടന തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
പ്രധാനകവാടം
വീട് ഏത് ദിക്കിലേക്ക് അഭിമുഖമായി നിർമ്മിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വീടിന്റെ പ്രധാന കവാടം എപ്പോഴും കിഴക്ക് അല്ലെങ്കിൽ വടക്ക് ദിക്കിലേക്ക് അഭിമുഖമായി വേണം നിർമ്മിക്കാൻ. തെക്കും പടിഞ്ഞാറും അഭിമുഖമായുള്ള പ്രവേശന കവാടങ്ങൾ അശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീടിന്റെ ഐക്യം ഉറപ്പാക്കുന്നതിൽ പ്രധാന വാതിലിന്റെ ഊർജ്ജ പ്രവാഹവും സ്ഥാനവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ലിവിംഗ് റൂം സ്വീകരണമുറി വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കണം സ്ഥിതിചെയ്യേണ്ടത്. കാരണം ഇത് സമ്പത്തിന്റെയും സമൃദ്ധിയുടെയും മേഖലയായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം വടക്ക് അല്ലെങ്കിൽ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം ഇരിപ്പിടം ക്രമീകരിക്കേണ്ടത്.
അടുക്കള
അടുക്കള എപ്പോഴും തെക്കുകിഴക്ക് ദിശയിലായിരിക്കണം സ്ഥിതിചെയ്യേണ്ടത്. കാരണം ഈ ദിശ അഗ്നിയുമായും ഊർജ്ജവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത് വീട്ടിലെ മൂലകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. സ്റ്റൗ തെക്കുകിഴക്ക് മൂലയിലും ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് ദിശയിലും വയ്‌ക്കണം. വാസ്‌തു പ്രകാരം അടുക്കള ക്രമീകരിക്കുമ്പോൾ ഈ കാര്യങ്ങൾ പ്രധാനമാണ്.
കിടപ്പുമുറി
പ്രധാന കിടപ്പുമുറി തെക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം സ്ഥിതിചെയ്യേണ്ടത്. കൂടാതെ കിടക്ക കിഴക്കോ പടിഞ്ഞാറോ തലവച്ച് ഉറങ്ങാൻ കഴിയുന്ന വിധത്തിൽ സ്ഥാപിക്കണം. വടക്കോട്ട് തലവെച്ച് ഉറങ്ങുന്നത് ഒഴിവാക്കുക. കാരണം ഈ ദിശ നെഗറ്റീവ് ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുളിമുറി ബാത്ത്റൂം വടക്ക് പടിഞ്ഞാറ് ദിശയിലും ടോയ്‌ലറ്റ് വടക്ക് പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദിശയിലായിരിക്കണം സ്ഥിതിചെയ്യേണ്ടത്. കുളിമുറി നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക, ഈ ഭാഗത്ത് കണ്ണാടികൾ വയ്ക്കുന്നത് ഒഴിവാക്കുക.