ആഗോള ഭിന്നശേഷി ദിനം ഇന്ന് ജീവിതത്താൽ വിസ്‌മയത്തിന്റെ സൗന്ദര്യം ആയിത്തീരുന്നവർ

Wednesday 03 December 2025 11:36 AM IST

ലോകത്തെ ഏറ്റവും ഭംഗിയുള്ള വസ്‌തുക്കളൊന്നും കാണാനോ സ്പർശിക്കാനോ കഴിയുന്നതല്ല; ഹൃദയം കൊണ്ടേ അവയെ അറിയാൻ കഴിയൂ!

- ഹെലൻ കെല്ലർ

ലോകത്തെവിടെയും,​ ഓരോ മേഖലയിലും,​ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡിസംബർ 3 ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നത്. ശാരീരിക വൈകല്യമുള്ള വ്യക്തികൾ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ യു.എൻ ജനറൽ അസംബ്ളി 1975-ൽ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തുകയും,​ പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിക്കുകയും ചെയ്തു. തുടർന്ന് 1992 മുതൽക്കാണ് എല്ലാ വർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.

ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി ഐക്യരാഷ്ട്ര സഭ മുൻകൈയെടുക്കുകയും ദേശീയ തലത്തിൽ നിയമ നിർമ്മാണം, നയ സമീപനം എന്നിവയിൽ മാറ്റം കൊണ്ടുവരാൻ ഇടപെടൽ നടത്തുകയും ചെയ്തു. യു.എന്നിന്റെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഭിന്നശേഷി

നിയമം

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇന്ത്യ 1995-ൽ 'പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റി ആക്ട്" നടപ്പാക്കി. 2016-ൽ ഇന്ത്യയിൽ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമത്തിലൂടെ രാജ്യത്ത് ഭിന്നശേഷിക്കാർക്കായി പുതിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് തുല്യ അവസരം, അവകാശ സംരക്ഷണം, പൂർണ പങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യംവച്ചുള്ളതായിരുന്നു ഈ നിയമം. ഐക്യരാഷ്ട്ര സഭയുടെ സ്വാധീനം ഈ നിയമനിർമ്മാണത്തിൽ പ്രകടമായിരുന്നു.

ഭിന്നശേഷി ലക്ഷണങ്ങൾ നേരത്തേ തന്നെ തിരിച്ചറിഞ്ഞ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക, സൗജന്യ വിദ്യാഭ്യാസം നൽകുക , ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരെ ലഭ്യമാക്കുക, സർക്കാർ ജോലികളിൽ മൂന്നു ശതമാനം സംവരണം ഉറപ്പാക്കുക, ജോലിക്കായുള്ള പരിശീലനം നല്കുക,

സ്വയം തൊഴിൽ സഹായം ഉറപ്പാക്കുക, വിവേചനം അവസാനിപ്പിക്കുക എന്നിവയ്ക്ക് ഈ നിയമത്തിൽ പ്രത്യേക പരിഗണന നൽകിയിരിക്കുന്നു.

ഈ മുഖങ്ങൾ

ധൈര്യമേകട്ടെ

ശാരീരികവും ബൗദ്ധികവുമായ പരിമിതികൾ ഇഷ്ടമുള്ള ജോലികൾ ചെയ്യാൻ തടസമല്ലെന്ന സന്ദേശം നൽകി ലോകത്തിനു തന്നെ മാതൃകയായ നിരവധി പേരുണ്ട്. ജർമ്മനിയിൽ ജനിച്ച ലോകപ്രശസ്ത പിയാനോ സംഗീതജ്ഞൻ ബിഥോവന് കേൾവിക്കുറവുണ്ടായിരുന്നു. അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലർ കാഴ്‌ചാ വെല്ലുവിളി നേരിടുന്നയാളായിരുന്നു. സ്റ്റീഫൻ ഹോക്കിങ്, സ്റ്റീവ് ജോബ്‌സ്, ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്, വിൽമാ റുഡോൾഫ്, നിക്ക് വുജിസിക്, ജസീക്ക കോക്‌സ് തുടങ്ങി എത്രയോ വ്യക്തികൾ പരിമിതികളെ അതിജീവിച്ച മഹത് വ്യക്തികളാണ്.

തങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നു തിരിച്ചറിയുമ്പോൾ സ്വയം അത്ഭുതമായി മാറിയവരുടെ കഥകൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വഴിവിളക്കാകണം. ഇന്ത്യക്കാരിയായ അരുണിമ സിൻഹ ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് ലോകത്തെ മികച്ച പർവതാരോഹകരിൽ ഒരാളായി. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തെ നിരവധി കൊടുമുടികൾ അവർ കീഴടക്കി. 2014-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഇറ സിംഗാൾ, ഇന്ത്യൻ ബ്ളൈൻഡ് ക്രിക്കറ്റ് ടീമിനെ 2012-ൽ ട്വന്റി ട്വന്റി മത്സരത്തിൽ വിജയത്തിലേക്കു നയിച്ച ശേഖർ നായിക് തുടങ്ങിയവരും പ്രതിസന്ധികളിൽ തളരാതെ പോരാടിയവരാണ്.

ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അത് സാദ്ധ്യതയായി കണ്ട് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നുമുള്ള പ്രചോദനം നൽകുക കൂടിയാണ് ഈ ദിനാഘോഷത്തിലൂടെ ചെയ്യുന്നത്. സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തിൽ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവർ. സാധാരണ മനുഷ്യർക്ക് പൊതുവേ നിർവഹിക്കാൻ കഴിയുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ അതേവിധം നിർവഹിക്കാൻ കഴിയാത്ത അവസ്ഥയെ ആണ് ഭിന്നശേഷി എന്നു പറയുന്നത്. 2001-ലെ സെൻസസ് പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 2.1 ശതമാനത്തോളം പേർ അംഗപരിമിതരാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ

പദ്ധതികൾ

സംസ്ഥാനത്ത് 2015-ൽ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സർവേ റിപ്പോർട്ട് പ്രകാരം 22 തരം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 7,94,834 പേരാണുള്ളത്. എല്ലാ സാധാരണ പൗരന്മാർക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യ‌ം, തുല്യ അവസരം, നീതി എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതർക്ക് ഒട്ടനവധി സമഗ്ര പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്നു.

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്ക് സർക്കാർ, എയ്‌ഡഡ്, സ്വകാര്യ ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒന്നാം ക്ളാസ് മുതൽ പി.ജി തലം വരെ വിഭ്യാഭ്യാസ ധനസഹായം നൽകുന്ന 'വിദ്യാകിരണം" പദ്ധതി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒമ്പതാം ക്ളാസ് മുതൽ പി.ജി തലം വരെ പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം നൽകുന്ന 'വിദ്യാജ്യോതി" പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി, വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി, ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡിപ്ളോമ, ബി.എഡ്, എം.എഡ്, ഡിഗ്രി, പി.ജി കോഴ്‌സുകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുന്ന 'വിജയാമൃതം" പദ്ധതി തുടങ്ങിയവ പ്രധാനമാണ്.

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും,​ ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വിവാഹ ധനസഹായ പദ്ധതിയായ 'പരിണയം",​ അടിയന്തര ഘട്ടങ്ങളിൽ ചികിത്സാ സഹായം നൽകുന്ന 'പരിരക്ഷ" പദ്ധതി എന്നിവയ്ക്കു പുറമേ സ്വാശ്രയ,​ മാതൃജ്യോതി, ശ്രേഷ്ഠം തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും ഭിന്നശേഷിക്കാർക്കിടയിൽ അവബോധം വളർത്തേണ്ടതുണ്ട്. എല്ലാവരെയും ചേർത്തുപിടിച്ച് ഒരുമിച്ചു മുന്നേറാൻ സമൂഹത്തെ പാകപ്പെടുത്തുക എന്നതാണ് ഈ ഭിന്നശേഷി ദിനാചരണത്തിന്റെ ആത്യന്തിക ലക്ഷ്യം.

(ബാലാവകാശ കമ്മിഷൻ മുൻ അംഗവും,​ സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ പത്തനംതിട്ട ജില്ലാ കോ-ഓ‌ർഡിനേറ്ററുമാണ് ലേഖകൻ)​